30 March Tuesday

ഇരട്ടവോട്ടുകള്‍ 38,586 മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ചെന്നിത്തല സമര്‍പ്പിച്ച രേഖകള്‍ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021

കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍  പട്ടികയില്‍ 38,586 ഇരട്ട വോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ 4.34 ലക്ഷം ക്രമരഹിത വോട്ടര്‍മാരുണ്ടെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച രേഖകള്‍ തള്ളിക്കൊണ്ടാണ് കമ്മീഷന്‍  കോടതിക്ക് ഇരട്ട വോട്ടുകളുടെ കണക്ക് സമര്‍പ്പിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ അസംബ്‌ളി മണ്ഡലങ്ങളില്‍ നിന്നുമായി  ഇന്നലെ വരെ സമര്‍പ്പിച്ച 3,16, 671 വോട്ടുകള്‍ പരിശോധിച്ചെന്നും ഇതില്‍ 38586 എണ്ണത്തില്‍ മാത്രമാണ് ഇരട്ടിപ്പ് കണ്ടെത്തിയതെന്നുംകമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഒരാള്‍ ഒന്നിലധികം വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ അറിയിച്ചു. ചുമതലപ്പെട്ട ബൂത്ത് ഓഫീസര്‍മാര്‍ വോട്ടുകള്‍ നേരിട്ട് പരിശോധിച്ച്  പട്ടിക തയ്യാറാക്കും. ഈ പട്ടിക വോട്ടര്‍ പട്ടികക്കൊപ്പം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും എത്തിയാല്‍ സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കേസില്‍ ചീഫ് ജസ്റ്റീസ് എസ്. മണി കുമാറും ജസ്റ്റീസ് ഷാജി പിചാലിയും അടങ്ങുന്ന ബഞ്ച് ബുധനാഴ്ച വിധി പറയും.

വോട്ടര്‍ പട്ടികയില്‍ 3,24,441 ഇരട്ട വോട്ടര്‍മാരും 1,09,601 വ്യാജ പോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തല കോടതിയെ ബോധിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top