തിരുവനന്തപുരം
പൗരത്വ നിയമം നടപ്പാക്കാൻ ബിജെപിയുമായി കച്ചവടമുറപ്പിച്ച് യുഡിഎഫ്. യുഡിഎഫിന് അധികാരം കിട്ടിയാൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കില്ലെന്നാണ് ബിജെപിയുമായുള്ള രഹസ്യധാരണ. തലശേരി, ഗുരുവായൂർ ഉൾപ്പെടെ ഒരു ഡസൻ മണ്ഡലങ്ങളിലെ വോട്ടുമറിക്കലിന് പകരമായി ബിജെപി നേതൃത്വം മുന്നോട്ടുവച്ച നിർദേശം കോൺഗ്രസിലെയും മുസ്ലിംലീഗിലെയും ഉന്നത നേതാക്കൾ അംഗീകരിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേ തീരൂവെന്ന് കേന്ദ്രം കർശന നിലപാട് എടുത്താൽ തങ്ങൾ എതിർക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ഉറപ്പ്. ഗുരുവായൂർ, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ പത്രിക തള്ളിയതിനെതിരെ അപ്പീൽ പോകാത്തത് ഈ രഹസ്യധാരണയെ തുടർന്നാണ്. പ്രകടനപത്രികയെക്കുറിച്ച് യുഡിഎഫും ബിജെപിയും ഇതുവരെ പരസ്‌പരം വിമർശിച്ചിട്ടില്ല. രാഹുൽ ഗാന്ധി, എ കെ ആന്റണി, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാരും പൗരത്വ ഭേദഗതി വിഷയം പരാമർശിക്കുന്നേയില്ല. രാഹുൽ ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ബിജെപിയെ വിമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇവിടെ സർക്കാർ മാറിയാൽ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞതും പൗരത്വരേഖകൾ ലീഗുകാർ പൂരിപ്പിച്ച് തരുമെന്ന ഗുരുവായൂരിലെ ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ പ്രസ്താവനയും ധാരണയുടെ തെളിവാണ്. “എന്തായാലും അതു നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച സാഹചര്യത്തിൽ നമ്മളെല്ലാവരും സൂക്ഷ്മത പുലർത്തുകയും രേഖകളൊക്കെ ശരിയാക്കി വയ്ക്കുകയും വേണം” എന്നാണ് കെ എൻ എ ഖാദർ പറഞ്ഞത്. ഖാദറിന്റെ പ്രസ്‌താവനയെ കോൺഗ്രസ്, ലീഗ് നേതാക്കൾ തള്ളി പറഞ്ഞിട്ടുമില്ല.
ഗുരുവായൂരിലും തലശേരിയിലും ബിജെപി വോട്ട് യുഡിഎഫിന് നൽകും. പകരം മറ്റു ചില മണ്ഡലങ്ങളിൽ നേമം മാതൃകയും. ഗുരുവായൂരിൽ യുഡിഎഫ് വിജയിക്കുമെന്നും തലശേരിയിൽ എ എൻ ഷംസീറിനെ തോൽപ്പിക്കണമെന്നും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേരത്തേ വെളിപ്പെടുത്തി. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അസന്നിഗ്ധമായി പ്രസ്‌താവിച്ചിട്ടുണ്ട്. അതെക്കുറിച്ച് നിയമത്തിന്റെ ഭാവി തെരഞ്ഞെടുപ്പിനുശേഷം അറിയാമെന്നായിരുന്നു അമിത് ഷായുടെ ഭീഷണി. അമിത്‌ഷാ ഈ ഉറപ്പിൽ തന്നെയാകും പ്രസ്‌താവന നടത്തിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..