31 March Wednesday

കോലീബി ബന്ധം 
ലീഗ് നേതൃത്വം അറിഞ്ഞ് ; സി എച്ചിനെയും തള്ളി

പി വി ജീജോUpdated: Tuesday Mar 30, 2021


കോഴിക്കോട്
പൗരത്വവും പള്ളിയും സുരക്ഷിതത്വവുമൊന്നുമല്ല സീറ്റും അധികാരവുമാണ്‌ വലുതെന്ന്‌ തെളിയിച്ച്‌ മുസ്ലിംലീഗിന്റെ ആർഎസ്‌എസ്‌ ബാന്ധവം.  ഇതിനായി   ‘കടലിൽ മുസല്ലയിട്ട് നിസ്കരിക്കേണ്ടി വന്നാലും ആർഎസ്എസുമായി കൂട്ടുകൂടില്ലെ ’ന്ന  സി എച്ച്‌ മുഹമ്മദ് കോയയുടെ പ്രഖ്യാപനം പോലും ലീഗ്‌ കാറ്റിൽ പറത്തി.   ആർഎസ്എസുമായി കൂട്ടുകെട്ട്‌ മാത്രമല്ല, അവരുടെ  മുസ്ലിംവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻപോലും  ലീഗ്‌ നേതൃത്വം തയ്യാറല്ലെന്ന ദയനീയ സ്ഥിതിയുമുണ്ട്‌.

ഗുരുവായൂർ - തലശേരി ഡീലുമായി വീണ്ടും കോലീബി സഖ്യം മുന്നേറുമ്പോൾ ഒറ്റുകൊടുക്കുന്നത്‌ സി എച്ചിനെയും അദ്ദേഹത്തെ വിശ്വസിക്കുന്ന സമുദായത്തെയും.  മോഡി അധികാരമേറ്റതുമുതൽ ലീഗിന് ശബ്ദമില്ലാതായി. പൗരത്വ നിഷേധ പ്രക്ഷോഭത്തിൽ സമസ്തയടക്കം സമുദായ സംഘടനകൾ ഇടതുപക്ഷവുമായി കൈകോർത്തപ്പോൾ മാറിനിന്ന് ആർഎസ്എസ് വിരുദ്ധചേരിയെ ക്ഷീണിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. മുത്തലാഖ് ബിൽ,  എൻഐഎ ബിൽ  തുടങ്ങി ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ട നയങ്ങൾ ചർച്ചയായപ്പോഴും നിശ്ശബ്ദരായി. പൗരത്വ നിയമം നടപ്പാക്കിയാൽ പാർടി ഓഫീസിൽ അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകാനൊരുങ്ങുകയാണ്‌ ലീഗ്‌ നേതാക്കൾ. പുള്ളിപ്പുലിയുടെ പുള്ളി മാറാത്തിടത്തോളം ആർഎസ്എസിന്റെ മുസ്ലിംവിരോധം മാറില്ലെന്ന്  സി എച്ച് ലീഗ് പ്രവർത്തകരെ ഓർമിപ്പിച്ചിരുന്നു. ഇന്ന്‌ മുസ്ലിം വേട്ടയിലൂടെ കുപ്രസിദ്ധരായ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ബിജെപിയിൽ കോണിചാരി അധികാരക്കസേര ലക്ഷ്യമിടുന്നു.

കോൺഗ്രസും ഈ രാഷ്ട്രീയ ലാഭക്കളിയിൽ തുല്യപങ്കാളിയാണ്. രാമക്ഷേത്രത്തിന് ശിലയിടുമ്പോൾ ക്ഷണിക്കാത്തതിൽ കുണ്ഠിതപ്പെട്ടു കോൺഗ്രസ്.  കേരളത്തിൽ ക്യാമ്പ് ചെയ്യുന്ന രാഹുൽ ഗാന്ധി  കോലീബി സഖ്യത്തെപ്പറ്റി  മിണ്ടുന്നില്ല. പൗരത്വ നിയമം ആവർത്തിക്കുമെന്ന് കേന്ദ്രം പറയുമ്പോഴും  രാഹുലിന്‌ അതിൽ അഭിപ്രായമില്ല.  കേരളത്തെ അപമാനിക്കുന്ന കേന്ദ്രനടപടികൾക്കെതിരെയും നിലപാടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top