തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കേരള ഫിനാൻഷ്യൽ കോർപറേഷനെ പറ്റിച്ച് മുക്കിയത് കോടികൾ. മുന്നേകാൽ കോടി രൂപ തിരിച്ചുപിടിക്കാൻ കെഎഫ്‌സി ആവശ്യപ്പെട്ട ജപ്‌തി തടയാൻ കലക്ടറേറ്റിലടക്കം ഇടപെട്ടു. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ അമ്പാടിയാണ് അമ്മയുടെയും മറ്റൊരാളിന്റെയുംപേരിൽ രൂപീകരിച്ച സ്വകാര്യ കമ്പനിയുടെ മറവിൽ സിനിമയെടുക്കാൻ കെഎഫ്‌സിയിൽനിന്നെടുത്ത 1.95 കോടി രൂപയും പലിശയും തിരിച്ചടയ്‌ക്കാതെ മുക്കിയത്.
‘പോക്കിരി സൈമൺ’ സിനിമയുടെ നിർമാണത്തിനാണ് ശ്രീവരി ഫിലീംസ് സ്‌റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് കെഎഫ്‌സിയെ സംരംഭകത്വ വായ്‌പയ്‌ക്ക് സമീപിച്ചത്. കലവറ, കായംകുളം, ആലപ്പുഴ എന്ന വിലാസത്തിൽ രജിസ്‌റ്റർചെയ്‌ത കമ്പനിയുടെ ഡയറക്ടർമാർ എസ് കൃഷ്‌ണൻ, അമ്പാടിയുടെ അമ്മ ഉമയമ്മ എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണരചന നിർവഹിച്ചത് അമ്പാടിയാണ്. അമ്പാടിതന്നെ മുഖ്യജാമ്യക്കാരനായിനിന്ന് വായ്‌പ തരപ്പെടുത്തി സിനിമ നിർമിച്ചു. കേരളമാകെ പ്രദർശിപ്പിച്ച സിനിമയുടെ സംപ്രേഷണാവകാശം ചാനലിന് വിറ്റും പണമുണ്ടാക്കി. കെഎഫ്‌സിക്ക് മടക്കിനൽകിയത് 20.42 ലക്ഷം രൂപമാത്രം.
തിരിച്ചടവ് മുടക്കിയതോടെ കെഎഫ്‌സി ജപ്‌തി നടപടികളിലേക്ക് കടന്നു. കാർത്തികപള്ളിയിൽ പുതുപ്പള്ളി വില്ലേജിൽ കൃഷ്‌ണന്റെയും മറ്റൊരു ജാമ്യക്കാരി എസ് ലേഖയുടെയും പേരിലുള്ള 220 സെന്റും വീടും (മതിപ്പുവില 2.32 കോടി), അമ്പാടിയുടെയും അമ്മ ഉമയമ്മയുടെയും പേരിൽ കാർത്തികപള്ളി കുമാരപുരം വില്ലേജിലുൾപ്പെട്ട 45 സെന്റും വീടും (മതിപ്പുവില 1.08 കോടി) വസ്‌തുവകകൾ ജപ്‌തിചെയ്‌ത് പണം ഈടാക്കാൻ ആലപ്പുഴ കലക്ടർക്ക് രേഖകൾ കൈമാറി. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥനെന്ന സ്വാധീനം ഉപയോഗിച്ച് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാറുടെ ഓഫീസിൽ ഇടപെട്ട് അമ്പാടി ആറുമാസത്തോളം തുടർനടപടി മുടക്കി.
സർക്കാർ പരിശോധനയിൽ റവന്യു റിക്കവറി മുടങ്ങിയത് കണ്ടെത്തി. നടപടി ത്വരിതപ്പെടുത്തൽ ആവശ്യം കെഎഫ്‌സി കലക്ടർമുമ്പാകെ വച്ചു. ഇതോടെ ഒരു കോടിരൂപ മടക്കിനൽകാമെന്ന കമ്പനിയുടെ അറിയിപ്പ് കെഎഫ്‌സിക്ക് ലഭിച്ചു. പണമില്ലാത്തതല്ല തിരിച്ചടവ് മുടക്കത്തിന് കാരണമെന്ന് ഇതോടെ വ്യക്തമായി. കുടിശ്ശികക്കാരുടെ ഈ തിരിച്ചടവ് നിർദേശം തള്ളിയ കെഎഫ്‌സി റവന്യു റിക്കവറി നടപടി അതിവേഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..