തിരുവനന്തപുരം
ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന്റെ രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിന്റെ മറവിൽ തെരുവിലിറങ്ങിയ കോൺഗ്രസേ നിങ്ങൾ മറന്നോ സ്വന്തം നേതാക്കളുടെ സ്‌ത്രീപീഡനവും സ്‌ത്രീവിരുദ്ധ പരാമർശവും. ജോയ്‌സ് ജോർജിന്റെ പരാമർശം സിപിഐ എം തള്ളി. പിശക് തുറന്ന് പറഞ്ഞ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നാൽ, നാട് ആദരിക്കുന്ന സ്‌ത്രീകളെപ്പോലും അപമാനിച്ചിട്ടും മാപ്പ് പറയാതെ പറഞ്ഞതിൽ ഉറച്ചുനിന്നു കോൺഗ്രസ്. മന്ത്രി കെ കെ ശൈലജയെ നിപാ രാജകുമാരി, കോവിഡ് റാണി, റോക്ക് ഡാൻസർ എന്നെല്ലാം അവഹേളിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സോളാർ കേസ് ഇരയെ അഭിസാരികയെന്നും വിളിച്ചു.
ബലാത്സംഗത്തിന് ഇരയായ സ്‌ത്രീകൾ ജീവിച്ചിരിക്കില്ല, മരിക്കുമെന്ന നിന്ദ്യമായ പ്രയോഗവും നടത്തി. ഇതിൽ ഖേദംപ്രകടിപ്പിക്കാതെ എല്ലാം മാധ്യമങ്ങളുടെ തലയിലിടുകയാണ് മുല്ലപ്പള്ളി ചെയ്തത്. ബലാത്സംഗം ചെയ്യൽ ഡിവൈഎഫ്‌ഐക്കാർക്ക് മാത്രമേ പറ്റുവെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപവും വിവാദമായി. ‘ ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതേയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല' എന്ന കെ സുധാകരൻ എംപിയുടെ പരാമർശത്തിനെതിരെ വനിതാ കമീഷൻ കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സ്‌ത്രീകൾ കഴിവില്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞത് രണ്ട് ദിവസംമുമ്പാണ്. എന്നാൽ ജനമനസ്സിൽ ഇന്നും ജീവിക്കുന്ന എ കെ ജിയെ ബാലപീഡകനെന്ന് ആക്ഷേപിച്ചു യുവ എംഎൽഎ വി ടി ബൽറാം.
ഇതിനെതിരെ വൻപ്രതിഷേധം ഉയർന്നെങ്കിലും ബൽറാം ന്യായീകരിച്ചു. കോൺഗ്രസ് നേതാക്കളും ഇത്തരം പരാമർശങ്ങളെ ന്യായീകരിച്ചു. ഇതൊന്നും കേരളം അത്രവേഗം മറക്കില്ല.
സ്ഥാനാർഥികളിൽ
പീഡനക്കേസ് പ്രതികളും
സോളാർ കേസിലെ ഇരയെ പീഡിപ്പിച്ചതിന് സിബിഐയുടെ പ്രാഥമിക അന്വേഷണം നേരിടുകയാണ് ഉമ്മൻചാണ്ടിയും എ പി അനിൽകുമാറും. രണ്ട് പേരും ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുമാണ്. മറ്റൊരു കോൺഗ്രസ് സ്ഥാനാർഥി എം വിൻസന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി എൻ പീതാംബര കുറുപ്പ് എംപിയായിരിക്കെ ഒരു ചടങ്ങിൽ മോശമായി പെരുമാറിയെന്ന് ഇരയായ നടിതന്നെ പരസ്യമായി പറഞ്ഞതും കേരളം കേട്ടു. ബിജെപി നേതാവ് എ പി അബ്‌ദുല്ലക്കുട്ടിയും സ്‌ത്രീ പീഡനകേസിൽ പ്രതിയാണ്. കോൺഗ്രസ് എംഎൽഎയായിരിക്കെയാണ് സോളാർ കേസ് പ്രതിയെ പീഡിപ്പിച്ചത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..