30 March Tuesday
സ്വർണം അയച്ച ആളിലേക്കും കിട്ടിയ ആളിലേക്കും അന്വേഷണം എത്തിയിട്ടില്ല

സ്‌പീക്കറോട്‌ കേന്ദ്ര ഏജൻസിക്ക്‌
 വൈരാഗ്യം, അന്വേഷണ ഏജൻസികൾക്ക് രാഷ്‌ട്രീയ 
ഗൂഢോദ്ദേശ്യം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021


പിണറായി
കേന്ദ്ര ഏജൻസിക്കെതിരെ അവകാശലംഘന നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യമാണ്‌ സ്‌പീക്കർക്കെതിരായ നീക്കത്തിനു കാരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌പീക്കറായാലും വിടില്ല എന്ന നിലയിലേക്ക്‌ കേന്ദ്ര ഏജൻസിയും ചില ഉദ്യോഗസ്ഥരും എത്തുകയായിരുന്നെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലൈഫ്‌മിഷനെതിരെ തെറ്റായ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട്‌ ഈ ഏജൻസി നിയമസഭയുടെ അവകാശം ലംഘിക്കുന്നതായി ചില അംഗങ്ങൾ ഉന്നയിച്ചു. അവകാശലംഘനം സംബന്ധിച്ച കമ്മിറ്റി ഈ പ്രശ്‌നം ഏറ്റെടുത്തു.  കമ്മിറ്റിക്ക്‌ അതിന്‌ അവകാശമുണ്ട്‌. പക്ഷേ,  ഏജൻസി കണ്ടത്,‌ അതിന്റെയെല്ലാം മൂലകാരണക്കാരൻ സ്‌പീക്കറാണെന്നാണ്‌. സ്‌പീക്കറെ പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യമെന്ന തരത്തിൽ ഇല്ലാക്കഥകൾ തുടങ്ങുകയായിരുന്നു. എന്തെല്ലാം ഗോസിപ്പുകളാണ്‌ പടച്ചുവിട്ടത്‌. അന്വേഷണ ഏജൻസികൾ തെറ്റായ വഴിക്ക്‌ സഞ്ചരിച്ച്‌ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുപിന്നിൽ രാഷ്‌ട്രീയ ഗൂഢോദ്ദേശ്യമാണ്‌. ഇങ്ങനെയൊന്നും ഞങ്ങളുടെ പൊതുജീവിതം തകർക്കാമെന്ന്‌ കേന്ദ്ര ഏജൻസി കരുതേണ്ട.

മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിട്ടല്ലേ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വന്നതെന്ന്‌ ചോദിക്കുന്നവരുണ്ട്‌.  സ്വർണക്കടത്തിന്റെ ഉറവിടവും അന്തിമ ഗുണഭോക്താവിനെയുമെല്ലാം കണ്ടെത്തുന്നതിന്‌ സമഗ്ര അന്വേഷണം വേണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. സ്വർണം അയച്ച ആളിലേക്കും  കിട്ടിയ ആളിലേക്കും അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ നല്ല നിലയിൽ അന്വേഷണം നടന്നു. ഒരു ഘട്ടമെത്തിയപ്പോൾ ബിജെപി നേതൃത്വത്തിന്‌ വേണ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകനിലേക്ക്‌ അന്വേഷണമെത്തി. അപ്പോൾ ബിജെപിയിലെ ചില പ്രമുഖർക്ക്‌ അസ്വസ്ഥതയുണ്ടായി. അന്വേഷണം അവിടെനിന്നു. ഉദ്യോഗസ്ഥനെ രായ്‌ക്കുരാമാനം സ്ഥലം മാറ്റി. അവിടംമുതലാണ്‌ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുന്നത്‌.

കേരളത്തിലെ ചില മാധ്യമങ്ങളും തുടക്കംമുതൽ അന്വേഷണം ഈ വഴിക്കു പോയിക്കൂടെയെന്ന്‌ അന്വേഷണ ഏജൻസികളെ പ്രലോഭിപ്പിച്ചു. തെറ്റായ ട്രാക്കിൽ അന്വേഷണം പോകുന്നുവെന്നു വന്നപ്പോൾ ഞങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.  പ്രധാനമന്ത്രിക്കുതന്നെ കത്തയച്ചു.  തെരഞ്ഞെടുപ്പ്‌ വന്നപ്പോൾ വീണ്ടും രാഷ്‌ട്രീയനീക്കം പുറത്തുവരുന്നു. ആദ്യം എൻഐഎ അന്വേഷിച്ച്‌ റിപ്പോർട്ട്‌ കൊടുത്തതാണ്‌. പിന്നീടാണ്‌ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി മറ്റ്‌ ഏജൻസികൾ വരുന്നത്‌.

  ഇഡി ഉദ്യോഗസ്ഥരുടെ ചില നടപടികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണത്തിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനമില്ല. ഞങ്ങൾ കേന്ദ്ര സർക്കാരിനോ കേന്ദ്ര ഏജൻസികൾക്കോ എതിരല്ല. കേന്ദ്ര ഏജൻസികളും ഉദ്യോഗസ്ഥരും പ്രവർത്തിക്കേണ്ടത്‌ നിയമപ്രകാരമാണ്‌. ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചതിന്‌ തെളിവുണ്ട്‌.  എല്ലാ കാര്യവും പുറത്തുവരണം. അതിന്‌ ഏറ്റവും നല്ലത്‌ ജുഡീഷ്യൽ അന്വേഷണമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സർക്കാർ തയ്യാറായതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top