29 March Monday

"സർക്കാരിന്‌ സലാം', താങ്ങായി മദ്രസാധ്യാപക ക്ഷേമനിധി

സി പ്രജോഷ്‌ കുമാർUpdated: Monday Mar 29, 2021

കുണ്ടുകുളം ഹിദായത്തുൽ അദ്‌ഫാൽ 
മദ്രസയിലെ അധ്യാപകൻ അബ്ദുള്ള മുസ്ല്യാർ

മലപ്പുറം> ‘‘ സർക്കാരിൽനിന്ന്‌ ഒരു സഹായവും ലഭിക്കാത്ത വിഭാഗമായിരുന്നു ഞങ്ങൾ. തുച്ഛവരുമാനത്തിന്‌ ജീവിതം തള്ളിനീക്കിയവർ. എന്നാൽ, ഇപ്പോൾ താങ്ങായി സർക്കാരുണ്ട്‌. പെൻഷനും വിവാഹ ധനസഹായവും ചികിത്സാ സഹായവും കിട്ടുന്നു‌. വീട്‌ വയ്ക്കാൻ രണ്ടരലക്ഷം രൂപ പലിശരഹിത വായ്‌പയും. കൊറോണകാലത്ത്‌ 2000 രൂപ അക്കൗണ്ടിൽ വന്നപ്പോഴാണ്‌ മദ്രസാധ്യാപക ക്ഷേമനിധി ബോർഡിന്റെ കരുതൽ അറിഞ്ഞത്‌’’–- 27 വർഷമായി മദ്രസാധ്യാപകനായി ജോലിചെയ്യുന്ന വെന്നിയൂർ സ്വദേശി അബ്ദുള്ള മുസ്ല്യാരുടെ വാക്കിൽ നിറയെ സന്തോഷം. 
 
    കഴിഞ്ഞ വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌  മദ്രസാ ക്ഷേമനിധി ബോർഡ്‌ രൂപീകരിച്ചത്‌. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സച്ചാർ കമീഷൻ റിപ്പോർട്ടിനെ പിൻപറ്റിയായിരുന്നു സംസ്ഥാനത്തിന്റെ മാതൃകാ പദ്ധതി. 2010 മെയ്‌ 31ന്‌ ബോർഡ്‌ രൂപീകരിച്ചു. ജൂലൈമുതൽ അംഗത്വവിതരണം തുടങ്ങി. 
 
സർക്കാർ നൽകിയ 10 കോടി രൂപ ഗ്രാന്റും അംഗങ്ങളുടെ അംശദായവും ഉൾപ്പെടെ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ച്‌ പലിശ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിന്‌ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാൽ, പലിശയെക്കുറിച്ച്‌ ആക്ഷേപം ഉയർന്നതോടെ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുടെ അധ്യക്ഷതയിൽ മുസ്ലിം മതസംഘടനാ നേതാക്കളുമായി  ചർച്ച നടത്തി നിക്ഷേപം പലിശരഹിതമാക്കാൻ തീരുമാനിച്ചു. ബോർഡിന്റെ കൈവശമുള്ള തുക പുതിയറ സബ്‌ ട്രഷറിയിൽ പലിശഹരിത നിക്ഷേപമാക്കി മാറ്റി. ഇതിന്റെ ഇൻസന്റീവ്‌ ഗ്രാന്റായി ക്ഷേമനിധി ബോർഡിന്‌ സർക്കാർ നേരിട്ട്‌ നൽകാൻ തീരുമാനിച്ചു. ഈ വ്യവസ്ഥയിലാണ്‌ ബോർഡ്‌ പ്രവർത്തിക്കുന്നത്‌. 
 
‘‘നേരത്തെ 65 വയസായിരുന്നു പെൻഷൻ പ്രായം. ഈ സർക്കാർ അത്‌ 60 ആക്കി. വിവാഹ ധനസഹായം 10,000ത്തിൽ നിന്നും 25,000 രൂപയാക്കി. തുടക്കത്തിൽ പലരും പദ്ധതിയിൽ ചേരാൻ മടിച്ചിരുന്നു. ഇന്ന്‌ സ്ഥിതി മാറി’’–-  അബ്ദുള്ള മുസ്ല്യാർ പറഞ്ഞു. 
കോഴിക്കോട്‌ നടക്കാവിലാണ്‌ ബോർഡ്‌ ഓഫീസ്‌. മലപ്പുറം ജില്ലയിലെ എടപ്പാളിലും കൊല്ലം ചിന്നക്കടയിലും മേഖലാ ഓഫീസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്ന്‌ ബോർഡ്‌ സിഇഒ പി എം ഹമീദ്‌ പറഞ്ഞു. 
 
ആനുകൂല്യം കൈനിറയെ
60 വയസ് പൂർത്തിയാക്കിയവർക്ക്‌ 1000 രൂപ പ്രതിമാസ പെൻഷൻ 
5000 മുതൽ 25,000 രൂപവരെ ചികിത്സാ ധനസഹായം
അംഗങ്ങളുടെയും രണ്ട്‌ പെൺമക്കളുടെയും വിവാഹത്തിന്‌ 25,000 രൂപ സഹായധനം 
അംഗങ്ങളുടെ മക്കളിൽ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും നേടുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് 
വീട് നിർമിക്കാൻ രണ്ടരലക്ഷം രൂപവരെ പലിശരഹിത വായ്പ 
 
മദ്രസാധ്യാപക ക്ഷേമനിധി അംഗത്വമെടുക്കാം
കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സെൽ, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കിൽ www.mtwfs.kerala.gov.in വഴി അപേക്ഷാഫോം ലഭിക്കും.  ക്ഷേമനിധി ഓഫീസിലോ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലിലോ നേരിട്ട് നൽകാം. സബ് പോസ്റ്റോഫീസുകൾവഴി അംശദായം ഓൺലൈനായി അടയ്ക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top