29 March Monday
പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ 
നൽകിയ തുക തിരിച്ചടയ്‌ക്കാൻ 
കേന്ദ്രസർക്കാരിന്റെ നോട്ടീസ്‌‌

കേന്ദ്രത്തിന്റേത്‌ സമ്മാനമല്ല; പോക്കറ്റടി ; മൂവായിരത്തിലേറെ കർഷകർക്ക്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021


തിരുവനന്തപുരം
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കർഷകരുടെ അക്കൗണ്ടിലേക്ക്‌ പി എം കിസാൻ സമ്മാൻ നിധി എന്ന പേരിൽ നൽകിയ തുക കേന്ദ്രസർക്കാർ തിരിച്ചുപിടിക്കുന്നു. ഇതുവരെ മൂവായിരത്തിലേറെ പേർക്ക്‌ നോട്ടീസ്‌ കിട്ടി. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ചാണ്‌ നോട്ടീസ്‌. രണ്ടായിരം രൂപവീതം മൂന്നുഗഡുവായി 6000 രൂപ കൈപ്പറ്റിയവരാണ്‌ ഇപ്പോൾ വഞ്ചിക്കപ്പെട്ടത്‌.
ജപ്‌തിയും നാണക്കേടും ഭയന്ന്‌ നിരവധി കർഷകർ ഇതിനകം പണം തിരിച്ചടച്ചു.കാർഷിക പ്രതിസന്ധി ഏറെയുള്ള വയനാട്‌ ജില്ലയിൽമാത്രം 3.22 ലക്ഷം രൂപ തുക ‌ തിരികെപിടിക്കാൻ ഉത്തരവുണ്ട്‌.  28 പേർ ഇതിനകം തുക തിരിച്ചടച്ചു. 


 

മലപ്പുറത്ത്‌  250 കർഷകർ പണം തിരിച്ചടച്ചു. ജനുവരിയിൽ 110 കർഷകർ 6.69 ലക്ഷം രൂപയും ഫെബ്രുവരിയിൽ 140 പേർ 17 ലക്ഷം രൂപയുമാണ്‌ തിരിച്ചടച്ചത്‌.  മാർച്ചിൽ അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി കർഷകർക്ക് നോട്ടീസ്‌ കിട്ടിയിട്ടുണ്ട്‌. പാലക്കാട് ജില്ലയില്‍ ആയിരത്തോളം പേർക്ക്‌ നോട്ടീസ് കിട്ടി‌. ഓരോ കൃഷിഭവനിലും 15 മുതൽ 20 കർഷകർക്കുവരെയാണ്‌ നോട്ടീസ്‌‌. എറണാകുളം ജില്ലയിൽ 84 കൃഷിഭവനിൽ  നോട്ടീസ്‌ എത്തി.  ആകെ ആയിരത്തിലേറെ പേർക്ക്‌ നോട്ടീസ്‌ കിട്ടി. നെടുമ്പാശേരി കൃഷിഭവനിൽമാത്രം 32 പേർക്ക്‌ നോട്ടീസ്‌ ലഭിച്ചു.  പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ ആറു പഞ്ചായത്തിൽ എട്ടുലക്ഷത്തോളം രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്‌. മലയാറ്റൂർ കൃഷിഭവനിൽ 25 പേർക്കും പെരുമ്പാവൂർ കൃഷിഭവനിൽ 18 പേർക്കും‌ നോട്ടീസ്‌ ലഭിച്ചു. പല്ലാരിമംഗലത്ത്‌ ഏഴും വാരപ്പെട്ടി കൃഷിഭവനിൽ 11ഉം പേർക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌.

കോഴിക്കോട്ട്‌  788 പേർക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌.  മൊത്തം 85.42 ലക്ഷം രൂപ  മടക്കി നൽകണം.3,56,000 രൂപ ഇതിനകം കർഷകർ തിരിച്ചടച്ചതായാണ്‌ കണക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top