സൂയസ്
ഒരാഴ്ചയായി സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമൻ ചരക്കുകപ്പൽ എവർ ഗിവണിന് മോചനം. തിങ്കളാഴ്ച വൈകിട്ടോടെ കപ്പലിനെ പൂർണമായും സഞ്ചാരപഥത്തിൽ എത്തിച്ചു. തുടർന്ന് സാങ്കേതിക പരിശോധനകൾക്കായി സൂയസിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലേക്ക് മാറ്റി. കപ്പൽ ഗതിമാറിയതിന്റെ യഥാർഥ കാരണം പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കനാലിലെ ചരക്കുഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് സൂയസ് കനാൽ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സൂയസിൽ കുടുങ്ങിക്കിടക്കുന്ന 400 മീറ്റർ നീളവും 59 മീറ്റർ വീതിയും 2.2 ലക്ഷം ടൺ ചരക്ക് വഹിക്കുന്നതുമായ കപ്പൽ നീക്കംചെയ്യാൻ ദിവസങ്ങളായി ശ്രമം നടന്നിരുന്നു. കനാൽ ഭിത്തിയിൽ ഇടിച്ചുനിന്നിരുന്ന കപ്പലിന്റെ മുൻഭാഗം തിങ്കളാഴ്ച രാവിലെയൊടെ 102 മീറ്റർ നീക്കാനായി. ഇതിനായി 27,000 ക്യുബിക് മീറ്റർ മണൽ നീക്കേണ്ടി വന്നു. 11 ടഗ് ബോട്ടുകൾ ഉപയോഗിച്ച് ഒരേസമയം തള്ളിയും വലിച്ചുമാണ് കപ്പലിനെ ചലിപ്പിച്ചത്. വേലിയേറ്റ സമയത്തെ വെള്ളത്തിന്റെ ഗതിവേഗവും തുണയായി. അതിസങ്കീർണമായ പ്രവർത്തനത്തിലൂടെ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഈജിപ്തുകാർ വിജയിച്ചെന്ന് പ്രസിഡന്റ് അബ്‌ദേൽ ഫത്താ എൽ സിസി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ലോകത്തെ ചരക്കുഗതാഗതത്തിന്റെ പത്തുശതമാനത്തിലധികവും എണ്ണ ഗതാഗതത്തിന്റെ ഏഴുശതമാനവും സൂയസ് കനാൽ വഴിയാണ്. പ്രതിദിനം 900 കോടി ഡോളറിന്റെ (ഏകദേശം 65,356 കോടി രൂപ) ചരക്കുഗതാഗതം. കഴിഞ്ഞ ചൊവ്വാഴ്ച എവർ ഗിവൺ കുടുങ്ങിയതുമുതൽ നാനൂറിലധികം കപ്പലുകളുടെ ഗതാഗതം തടസ്സപ്പെട്ടു. ചുരുക്കം കപ്പലുകൾ ആഫ്രിക്ക വഴി തിരിച്ചുവിട്ടു. ഈജിപ്തിന് ഇതിനകം 950 ലക്ഷം ഡോളറിന്റെ (ഏകദേശം 690 കോടി രൂപ) നഷ്ടമുണ്ടായി.
നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ പുർണമായി കടന്നുപോകാൻ പത്തുദിവസത്തോളമെടുക്കും. ഫലത്തിൽ, സൂയസിൽ ഗതാഗതം പഴയപടിയാകാൻ ആഴ്ചകളാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..