കാസർകോട്> ഇരട്ട വോട്ടടക്കമുള്ള പ്രശ്‌നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പരാതികളിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ അത് ബൂത്തുകളിൽ പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് അലങ്കോലമാകാനും ഇടയാക്കും.
പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇരട്ടവോട്ടിന്റെ കാര്യത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പാണ്. കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലുള്ള കള്ളവോട്ടിനെ കുറിച്ചു യുഡിഎഫ് മിണ്ടുന്നില്ല. 300ത്തോളം കള്ളവോട്ടുകൾ ഈ രണ്ട് മണ്ഡലങ്ങളിലായി യുഡിഎഫിനുണ്ട്.
തലശ്ശേരിയിൽ ഷംസീറിനെ പരാജയപ്പെടുത്തണമെന്നും ഗുരുവായുരിൽ യുഡിഎഫ് വിജയിക്കണമെന്നുമുള്ളത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും പൊതുയോഗങ്ങളിൽ പറഞ്ഞത് കണക്കിലെടുക്കേണ്ടന്നും തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയുണ്ടാവുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
സുരേന്ദ്രന്റെ ബിരുദത്തിന്റെ നിജസ്ഥിതി ചോദിച്ചപ്പോൾ മറുപടി പറയാതെ ഒഴിഞ്ഞുമാറി. കാസർകോട് പ്രസ്‌ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..