30 March Tuesday

നിയമവിരുദ്ധ പരസ്യം : ബിജെപിക്കും പത്രങ്ങൾക്കുമെതിരെ പരാതിയുമായി കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021


ഗുവാഹത്തി
മാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ പരസ്യം നൽകിയതിന് അസം മുഖ്യമന്ത്രിക്കും ബിജെപി ദേശീയ അധ്യക്ഷനും മറ്റുമെതിരെ പരാതിയുമായി കോൺഗ്രസ്.  വാർത്ത എന്ന വ്യാജേനയുള്ള പരസ്യം നൽകിയതിന്‌ ഇംഗ്ലീഷ്‌, അസമീസ്‌, ഹിന്ദി, ബംഗാളി ഭാഷകളിലെ എട്ട്‌ പത്രങ്ങൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്‌. ഒന്നാം ഘട്ടത്തിൽ അസമിൽ 47 സീറ്റിലേക്ക്‌  തെരഞ്ഞെടുപ്പ്‌ നടന്ന 27നാണ്‌ സർവേഫലം എന്ന രീതിയിൽ പരസ്യം നൽകിയത്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവചനങ്ങൾ 27ന്‌ രാവിലെ ഏഴ്‌ മുതൽ 29ന്‌ വൈകിട്ട്‌ ഏഴര വരെ പ്രചരിപ്പിക്കുന്നതിന്‌ വിലക്കുണ്ടായിരുന്നു.

ശനിയാഴ്‌ച പോളിങ്ങ്‌‌ നടന്ന അപ്പർ അസമിലെ മുഴുവൻ സീറ്റും ബിജെപി നേടും എന്നാണ് പ്രധാന പത്രങ്ങളിലൂടെ ബിജെപി പരസ്യം നൽകിയത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ, ദേശീയ അധ്യക്ഷൻ നദ്ദ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാർ ദാസ്, മറ്റ് ഏഴ് നേതാക്കൾ എന്നിവർക്കെതിരെയാണ് ഞായറാഴ്‌ച വൈകിട്ട്‌ ദിസ്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇത്തരത്തിൽ പരസ്യം നൽകിയത്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടത്തിനും ജനപ്രാതിനിധ്യ നിയമത്തിനും 26ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ നിർദേശത്തിനും എതിരാണെന്ന്  കോൺഗ്രസ് നേതാക്കൾ പരാതിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ ബിജെപി അസം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

7 വിമതരെക്കൂടി 
ബിജെപി 
പുറത്താക്കി
അസം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ഏഴ്‌ നേതാക്കളെ ബിജെപിയിൽനിന്ന്‌ പുറത്താക്കി. ആറ്‌ വർഷത്തേയ്‌ക്കാണ്‌ ഇവരെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ പുറത്താക്കിയതെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജ്‌ദീപ്‌ റോയി അറിയിച്ചു. മുൻ ഡെപ്യൂട്ടി സ്‌പീക്കർ ദിലീപ്‌ കുമാർ പോൾ അടക്കം 15 നേതാക്കളെ കഴിഞ്ഞ 18ന്‌ ബിജെപി പുറത്താക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top