Latest NewsIndia

ഭര്‍ത്താവിനും മക്കള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേര്‍ ഗുരുതരാവസ്ഥയില്‍

36കാരിയുടെ രണ്ട് മക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭോപ്പാല്‍: ഭര്‍ത്താവിനും മക്കള്‍ക്കും ഉള്‍പ്പെടെ വീട്ടിലെ എല്ലാവര്‍ക്കും വിഷം നല്‍കിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭര്‍ത്താവിനും ചെറിയ മക്കള്‍ക്കും അടക്കം കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം ഒളിച്ചോടിയത്. ബറസോം പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

യുവതിയുടെ മക്കളുടെയും ഭര്‍ത്താവിന്‍റെയും ഭര്‍തൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. 36കാരിയുടെ രണ്ട് മക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് പറയുന്നതനുസരിച്ച്‌ യുവതിയുടെ ആദ്യഭര്‍ത്താവ് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാന്‍ എന്നയാളുമായി ബന്ധുക്കള്‍ ഇവരുടെ വിവാഹം നടത്തി. എന്നാല്‍ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭര്‍ത്താവ് ലോഖന്‍ ഖാന്‍ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഇതേ തുടര്‍ന്ന് യുവതി കാമുകനുമായി ഒളിച്ചോടാന്‍ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവര്‍ കുടുംബത്തിന് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം ഒളിച്ചോടുകയായിരുന്നു.അതേസമയം സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുര്‍ജിത് സിംഗ് അറിയിച്ചിരിക്കുന്നത്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

 

Related Articles

Post Your Comments


Back to top button