മുസഫർനഗർ> അറുപത്തിരണ്ടുപേർ കൊല്ലപ്പെടുകയും 50,000 പേർ പലായനം ചെയ്യുകയും ചെയ്‌ത 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിയടക്കം 12 ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു. ഇതിനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ പ്രത്യേക കോടതി ജഡ്‌ജി രാംസുധ് സിങ് അനുവദിച്ചു. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറാണ് കലാപം ആസൂത്രണം ചെയ്‌തതെന്ന് വിമർശമുണ്ടായിരുന്നു.
ബിജെപി നേതാക്കളായ യുപി മന്ത്രി സുരേഷ് റാണ, എംഎൽഎ സംഗീത് സോം, മുൻ എംപി ഭരതേന്ദു സിങ്, വിഎച്ച്‌പി നേതാവ് സ്വാധി പ്രാചി തുടങ്ങിയവർക്കെതിരെയുള്ള കേസാണ് പിൻവലിക്കുന്നത്. 2013 ആഗസ്‌ത് അവസാനം നടന്ന മഹാപഞ്ചായത്തിൽ പങ്കെടുത്ത പ്രതികൾ വിദ്വേഷ പ്രസംഗങ്ങളിലൂടെ കലാപം ആളിക്കത്തിച്ചെന്നാണ് കേസ്. നിരോധനാജ്ഞ ലംഘിച്ചു, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവർക്കെതിരെയുണ്ട്. പൊതുതാൽപര്യം പരിഗണിച്ച് കേസ് തുടരേണ്ടതില്ലെന്ന് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തീരുമാനിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
മതവിദ്വേഷ പ്രചാരണക്കേസ്:
6 പേരെ വെറുതെവിട്ടു
മുസഫർനഗർ കലാപത്തിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും മറ്റ് ആക്രമണങ്ങൾ നടത്തുകയും ചെയ്‌ത കേസിൽ ആറ് പേരെ മുസഫർനഗർ ജില്ലാ കോടതി വെറുതെവിട്ടു. മതവിദ്വേഷ പ്രചാരണം, കലാപം, കവർച്ച, കൊള്ളിവയ്പ് എന്നിവയുടെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തവരെയാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിട്ടത്. സിംഭാൽക്ക ഗ്രാമത്തിലെ കാസിമുദ്ദീൻ എന്നയാളുടെ വീട് കൊള്ളയടിച്ച് തീവച്ച പരാതിയിലായിരുന്നു അറസ്‌റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..