28 March Sunday

പൗരത്വ ഫോം പൂരിപ്പിച്ചു നല്‍കുമെന്ന് ലീഗ് പറയുന്നത് ബിജെപി വോട്ടിനായി; ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായത് യാദൃശ്ചികമല്ല-പിണറായി

വെബ് ഡെസ്‌ക്‌Updated: Sunday Mar 28, 2021

കോഴിക്കോട് > ബിജെപി വോട്ട് കിട്ടുന്നതിനുവേണ്ടിയാണ് പൗരത്വ നിയമത്തെ സംബന്ധിച്ച മുസ്ലിം ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവനകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോള്‍ അതിനുള്ള ഫോം പൂരിപ്പിച്ച് നല്‍കാന്‍ ലീഗ് മുന്‍കൈ എടുക്കുമെന്ന ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതേ ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അത് വെറുതെയങ്ങ് ഇല്ലാതായതാണെന്നോ കയ്യബദ്ധം പറ്റിപ്പോയതാണെന്നോ വിശ്വസിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ കൂടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യപ്രകടനങ്ങള്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

വര്‍ഗീയത വളര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുമ്പോള്‍, അതിന് നിങ്ങളെന്തിനാണ് ഞങ്ങളിവിടെയുണ്ടല്ലോ എന്ന നിലയിലാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമ്പോള്‍ അന്ന് പിന്താങ്ങാന്‍ കെഎന്‍എ ഖാദറുണ്ടായിരുന്നു. ഇപ്പോള്‍ പുതിയ നിലപാട് സ്വീകരിക്കുന്നത്  തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണ് എന്ന് വ്യക്തമാണ്.

എവിടെയാണ് ലീഗിന്റെ നിലപാടും സത്യസന്ധതയും എന്നാണ് കാണേണ്ടത്. രാജ്യത്തെ പൗരരെ തരംതിരിക്കുന്ന നിയമം കൊണ്ടുവന്നതിലൂടെ രാജ്യത്ത് സൃഷ്ടിച്ച ഭീതിയുണ്ട്. സ്വന്തം പൗരത്വം സംരക്ഷിക്കാന്‍ തെരുവില്‍ ഇറങ്ങിയവരെ വെടിവെച്ച് കൊല്ലാന്‍ സംഘപരിവാര്‍ നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വരെ കാര്യങ്ങളെത്തി.

രാജ്യത്തെ വെട്ടിമുറിക്കുന്ന ആപത്കരമായ നടപടിക്കെതിരെ രംഗത്തിറങ്ങിയവരെ മനുഷ്യത്വ ഹീനമായി വേട്ടയാടി. ഇതൊക്കെ നടക്കുമ്പോഴും ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ പൗരന്മാരെ തടങ്കിലിടാന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ പൗരത്വ നിയമം നടപ്പാക്കിയാല്‍ ഫോം പൂരിപ്പിച്ച് നല്‍കുമെന്ന് പറയുന്ന ലീഗ് നേതാക്കള്‍ ബിജെപി ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും മടിക്കില്ല.

അങ്ങേയറ്റം അനുചിതമായ പ്രസ്താവനയാണ് ഖാദറുടേത്. വോട്ട് കിട്ടുന്നതിനുവേണ്ടി ലീഗ് എന്തും കാണിക്കുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top