കോഴിക്കോട് > ബിജെപിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയുടെ ചിത്രം പകർത്തുന്നതിനിടെ പാർടി മുഖപത്രത്തിന്റെ ഫോട്ടോഗ്രാഫറെ പ്രവർത്തകർ പൊതിരെ തല്ലി. ജന്മഭൂമി കോഴിക്കോട് ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫർ എം ആർ ദിനേശ്‌കുമാറിനാണ് കണ്ണിന് അടിയേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച വൈകിട്ട് എൻഡിഎയുടെ എലത്തൂർ മണ്ഡലം സ്ഥാനാർഥി ടി പി ജയചന്ദ്രന്റെ റോഡ് ഷോയ്‌ക്കിടെ കക്കോടിയിലാണ് സംഭവം. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പങ്കെടുക്കുന്ന ഷോയിൽ ഫോട്ടോ എടുക്കാനായി മുന്നിലേക്കുവന്ന ദിനേശ് കുമാറിനെ ബിജെപിക്കാർ സംഘംചേർന്ന് അടിച്ചുവീഴ്‌ത്തി. ജന്മഭൂമിയുടെ ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും അടി തുടർന്നു. രണ്ടുപേർ ചേർന്ന് കണ്ണിന് അടിച്ചു. തുറന്ന വാഹനത്തിലായിരുന്ന സ്‌മൃതി ഇറാനി ആവശ്യപ്പെട്ടതനുസരിച്ച് പ്രവർത്തകർ സ്കൂട്ടർ ഒരുക്കി. അവർ അതിൽ യാത്രചെയ്യുമ്പോൾ ഫോട്ടോഗ്രാഫർമാർ ചിത്രം പകർത്താൻ ഓടുന്നതിനിടെയായിരുന്നു അടി. കക്കോടി പൊക്കിരാത്ത് ബിൽഡിങ്ങിനു മുന്നിലെത്തിയപ്പോൾ മുന്നിലേക്കുവന്ന് ഫോട്ടോയെടുക്കുന്നതിനിടെ പ്രവർത്തകർ ദിനേശനോട് തർക്കിച്ച് മുഖത്തടിച്ചു.
കണ്ണിനു താഴെ മുറിവേറ്റ ദിനേശന് ഒരാഴ്‌ചയിലേറെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. അതേസമയം മാധ്യമപ്രവർത്തകർ ബിജെപി നേതാക്കളോട് സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ മറ്റു പാർടിക്കാരുടെ മേൽ കെട്ടിവച്ച് തലയൂരാനായിരുന്നു ശ്രമം. എന്നാൽ ആക്രമിക്കുന്നതിന്റെ ഫോട്ടോ കൈയിലുണ്ടെന്ന് പറഞ്ഞപ്പോൾ ക്ഷമചോദിച്ച് തടിതപ്പി. ആർഎസ്‌എസ് പ്രവർത്തകനായ നന്മണ്ട സ്വദേശി സന്ദീപാണ് അക്രമികളിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം പാർടി പത്രത്തിന്റെ ഫോട്ടോഗ്രാഫർക്കുപോലും ബിജെപി പ്രവർത്തകരിൽനിന്ന് രക്ഷയില്ലെന്നതിന്റെ ഉദാഹരണമാണ് കക്കോടിയിലുണ്ടായത്. മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ബിജെപി പ്രവർത്തകരെ തള്ളിമാറ്റിയതിനാലാണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കണ്ണിന് താഴെ മുറിവേറ്റ ദിനേശ് കുമാറിനെ ഉടൻ കോംട്രസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..