27 March Saturday

യുഡിഎഫ്‌ സ്ഥാനാർഥി പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട്‌; തൃക്കാക്കരയിലും, തൃശ്ശൂരിലും ലിസ്‌റ്റിൽ പേര്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

തൃശ്ശൂർ > തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥിയും കെപിസിസി വൈസ്‌ പ്രസിഡന്റുമായ പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട്‌ ഉള്ളതായി കണ്ടെത്തി. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജ തൃശ്ശൂരിലും വോട്ടുചേർത്തതായി രേഖകൾ പുറത്തുവന്നു. എറണാകുളത്തെ പനമ്പിള്ളി നഗറിലെ താമസക്കാരിയായ പത്മജ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ നിയമവിരുദ്ധമായാണ്‌ വോട്ട്‌ ചേർത്തത്‌. തൃശ്ശൂരിലെ 29 -ാം നമ്പർ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂൾ 29എ പോളിങ്‌ സ്‌റ്റേഷനിലും, തൃക്കാക്കരയിലെ പനമ്പിള്ളി നഗർ 106  ‐ ാം നമ്പർ ബൂത്തായ ഗവ. എച്ച്‌എസ്‌എസിലുമാണ്‌ പത്മജയ്‌ക്ക്‌ വോട്ടുള്ളത്‌. മകൻ കരുൺ മേനോനും ഇതേ ബൂത്തുകളിൽ വോട്ടുണ്ട്‌.

കരുൺ മേനോന്റെ പേര്‌ തൃശ്ശൂരിലെയും തൃക്കാക്കരയിലെയും ലിസ്‌റ്റിൽ

കരുൺ മേനോന്റെ പേര്‌ തൃശ്ശൂരിലെയും തൃക്കാക്കരയിലെയും ലിസ്‌റ്റിൽ

രണ്ടിടത്തെയും വോട്ടർ ഐ.ഡി നമ്പരുകൾ വ്യത്യസ്‌തമാണെന്നതാണ്‌ ഇതിൽ ഏറെ ഗൗരവതരം. IDZ1713015 ആണ്‌ പത്മജയുടെ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർ ഐ.ഡി നമ്പർ, തൃക്കാക്കരയിലേത്‌ BXD1663863 ഉം ആണ്‌. കരുണിന്റേത്‌ തൃശ്ശൂരിൽ IDZ1735927 ഉം, തൃക്കാക്കരയിൽ BXD1663871 നമ്പർ വോട്ടർ ഐ.ഡികളാണ്‌. വോട്ട്‌ താമസസ്ഥലത്തെ മണ്ഡലത്തിലേക്ക്‌ മാറ്റുകയല്ല ചെയ്‌തിരിക്കുന്നത്‌. പുതിയ വോട്ടറായി പേര്‌ ചേർക്കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടാണ്‌ വ്യത്യസതമായ ഐ.ഡി നമ്പറുകളും വന്നിരിക്കുന്നത്‌. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ വോട്ടുള്ള കാര്യം ഒളിച്ചുവെച്ച്‌ തശൂരിൽ വോട്ടുചേർക്കുകയാായിരുന്നുവെന്ന്‌ വ്യക്തം.

കഴക്കൂട്ടത്തെ യുഡിഎഫ്‌ സ്ഥാനാർഥി എസ്‌ എസ്‌ ലാലും ഇതേ രീതിയിലാണ്‌ വോട്ട്‌ ചേർത്തത്‌. കൈപ്പമംഗലം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ യുഡിഎഫ്‌ സ്ഥാനാർഥികൾക്കും ഒന്നിലേറെ വോട്ടുണ്ടെന്ന്‌ രേഖകൾ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അമ്മയ്‌ക്കും ഹരിപ്പാട്‌, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ വോട്ടുള്ളതായി തെളിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top