ആലപ്പുഴ > ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക് രണ്ട് വോട്ട്. മറ്റ് കടുംബാഗങ്ങൾക്കും രണ്ട് മണ്ഡലങ്ങളിൽ വോട്ടുണ്ടായിരുന്നെങ്കിലും ചെന്നിത്തല സ്വയം തുറന്നുവിട്ട വിവാദങ്ങൾക്കിടയിൽ അവയെല്ലാം ഒഴിവാക്കി.
ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–-ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–-ാം നമ്പറായും ദേവകിയമ്മയ്‌ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയിൽ കുടുംബവീടായ കോട്ടൂർ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവർക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്.
പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്‌ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ഇരട്ടവോട്ട് വിവാദം ഉയർത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയിൽ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്.
രമേശും കുടുംബാംഗങ്ങളും ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പട്ടികയിൽ പേര് ചേർക്കാൻ സ്ഥിരതാമസ സർട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്. ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടികയിൽ പേരു ചേർത്തത്. എന്നാൽ അപേക്ഷയിൽ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..