26 March Friday
ഡച്ചിനെ തുർക്കി വീഴ്‌ത്തി 
ഫ്രാൻസിന്‌ സമനില

ലോകകപ്പ്‌ യോഗ്യത: പോർച്ചുഗലിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Mar 26, 2021



ഇസ്‌താംബുൾ
വമ്പൻമാരായ നെതർലൻഡ്‌സിന്റെ അപ്രതീക്ഷിത തോൽവിയോടെ യൂറോപ്പിലെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്ക്‌ തുടക്കം. ഡച്ചിനെ 4–-2ന്‌ തുർക്കിയാണ്‌ തകർത്തത്‌. ബുറാക്‌ യിൽമസിന്റെ മിന്നുന്ന ഹാട്രിക്കിലായിരുന്നു തുർക്കിയുടെ ജയം.ചാമ്പ്യൻമാരായ ഫ്രാൻസിനെ ഉക്രയ്‌ൻ തളച്ചു (1–-1). ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കടുത്ത പോരാട്ടത്തിൽ അസർബൈജാനെ മറികടന്നു (1–-0). ബൽജിയം 3–-1ന്‌ വെയ്‌ൽസിനെ തോൽപ്പിച്ചപ്പോൾ ക്രൊയേഷ്യ 0–-1ന്‌ സ്ലൊവേന്യയോട്‌ തോറ്റു.ഡച്ചിനെതിരെ ആദ്യ അരമണിക്കൂറിൽത്തന്നെ തുർക്കി രണ്ട്‌ ഗോളടിച്ചു. യിൽമസാണ്‌ ഗോളടിച്ചത്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഹക്കൻ കൽഹനോഗ്ലു തുർക്കിയുടെ നേട്ടം മൂന്നാക്കി.

കളിയുടെ അവസാനഘട്ടത്തിൽ ഡച്ച്‌ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. ഡേവി ക്ലാസെൻ, ലൂക്ക്‌ ഡി യോങ്‌ എന്നിവരിലൂടെ രണ്ടെണ്ണം മടക്കി. എന്നാൽ യിൽമസിന്റെ ഫ്രീകിക്ക്‌ ഡച്ചിന്റെ പ്രതീക്ഷ അവസാനിപ്പിച്ചു. അവസാന നിമിഷം ഡച്ചിന്‌ കിട്ടിയ പെനൽറ്റി മെംഫിസ്‌ ഡിപെയ്‌ക്ക്‌ ലക്ഷ്യത്തിലെത്തിക്കാനുമായില്ല.

ഉക്രയ്‌നെതിരെ ഒൺടോയ്‌ൻ ഗ്രീസ്‌മാന്റെ ഗോളിൽ മുന്നിലെത്തിയ ഫ്രാൻസ്‌ പ്രതിരോധക്കാരൻ പ്രസ്‌നെൽ കിമ്പെമ്പെയുടെ പിഴവുഗോളിലാണ്‌ സമനില വഴങ്ങിയത്‌. ഒക്‌ടോബറിൽ ഫ്രാൻസ്‌  7–-1ന്റെ ജയമായിരുന്നു സ്വന്തമാക്കിയത്‌. പോർച്ചുഗൽ അസർബൈജാനോട്‌ വിയർത്തു. മാക്‌സിം മെദ്‌വെദെവിന്റെ പിഴവുഗോളാണ്‌ അസർബൈജാനെ തളർത്തിയത്‌. ഗോൾ കീപ്പർ ഷഹ്‌റുദീൻ മഹമ്മദയ്‌ലേവ്‌ തകർപ്പൻ പ്രകടനം പുറത്തെടുത്തു. പോർച്ചുഗൽ മുന്നേറ്റനിരയെ അസ്വസ്ഥരാക്കി ഈ ഗോൾ കീപ്പർ.  സൂപ്പർതാരം റൊണാൾഡോയ്‌ക്ക്‌ തിളങ്ങാനായില്ല.

കെവിൻ ഡി ബ്രയ്‌ൻ, തോർഗൻ ഹസാർഡ്‌, റൊമേലു ലുക്കാക്കു എന്നിവരാണ്‌ ബൽജിയത്തിനുവേണ്ടി വെയ്‌ൽസിനെതിരെ ഗോളടിച്ചത്‌.  റഷ്യ 3–-1ന്‌ മാൾട്ടയെ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top