കാസർകോട്> അധോലോക സംഘത്തെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച പൊലീസിന് നേരെയുണ്ടായ വെടിവെപ്പിൽ 2 പൊലീസുകാർക്ക് പരിക്ക്. സംഘത്തിലെ മൂന്ന് പേരെ കർണാടക പൊലീസ് പിടികൂടി. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അക്രമവും മയക്ക് മരുന്ന് വ്യാപാരവും നടത്തുന്ന ഗുണ്ടാസംഘങ്ങളെ പിടികൂടാൻ പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് അക്രമം .
കാസർകോട് ഡി വൈ എസ് പിയുടെ സംഘത്തിൽപ്പെട്ട എസ്ഐമാരായ ബാലകൃഷ്ണൻ, നാരായണൻ നായർ എന്നിവർക്കാണ് പരിക്കേറ്റു. ബന്തിയോട് അടുക്കയിലെ ലത്തീഫ് (28), മിയാപദവി ലെ അഷ്ഫാഖ് (30), സാക്കിർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ അധോലോക സംഘത്തിലെ അഞ്ച് ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് അമ്പതോളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് പിടികിട്ടാപ്പുള്ളികളെ പിടികൂടി. ഇതിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി തോക്കുകൾ ചൂണ്ടി അധോലോക സംഘം സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിപ്പിച്ചിരുന്നു. മിയാപദവിയിലെ റഹിമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ.
റഹിമും സംഘവും സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടർന്നപ്പോൾ ആ കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെട്ടു. ഉപേക്ഷിച്ച കാർ കൊണ്ടുവരുമ്പോഴാണ് വ്യാഴാഴ്ച രാത്രി 8. 45 ഓടെ മിയാപദവിൽ വെച്ച് കാറിലെത്തിയ സംഘം പൊലീസിനെ വെടിവെച്ചത്. മൂന്ന് തോക്കും 27 റൗണ്ട് വെടിയുണ്ടയും പിടികൂടി. കാറും പിടിച്ചെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. സംഘ തലവൻ റഹിം, സബീർ എന്നിവർ മറ്റൊരു കാറിൽ മഞ്ചേശ്വരത്തേക്ക് കടന്നുകളഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..