തിരുവനന്തപുരം> അഞ്ഞൂറോളം യാത്രക്കാരുമായി ഗുജറാത്തിൽ നിന്നെത്തിയ ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിനിലെ യാത്രക്കാരൻ ഹൃദയാഘാതംമൂലം മരിച്ചു. മരിച്ചയാളെ പരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. യാത്രക്കാരൻ സഞ്ചരിച്ച കോച്ചിലുണ്ടായിരുന്നവർക്ക് നടത്തിയ പരിശോധനയിൽ പത്ത് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ട്രെയിൻ ടൂർ റദ്ദാക്കി മടങ്ങി.
രാജ്‌കോട്ടിൽനിന്നുള്ള ഭാരത് ദർശൻ ട്രെയിൻ വിനോദസഞ്ചാരികളുമായി വ്യാഴാഴ്‌ച പുലർച്ചയാണ് നാഗർകോവിലിൽ എത്തിയത്. നാഗർകോവിലിൽ എത്തുന്നതിന് തൊട്ടുമുൻപ് രാജ്‌കോട്ട് സ്വദേശിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻ നാഗർകോവിലിൽ എത്തുമ്പോഴേക്ക് യാത്രക്കാരൻ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇയാൾ യാത്ര ചെയ്‌ത കോച്ചിലെ പത്ത് യാത്രക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നാഗർകോവിലിൽ നിരീക്ഷണത്തിലാക്കി. ട്രെയിൻ മറ്റ് യാത്രക്കാരുമായി രാത്രിയോടെ കൊച്ചുവേളിയിലെത്തി. ഗുരുവായൂരിലേക്കായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. ട്രെയിനിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായ സാഹചര്യത്തിൽ ടൂർ റദ്ദാക്കി രാത്രി വൈകി ട്രെയിൻ രാജ്‌കോട്ടിലേക്ക് മടങ്ങി. മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്‌ച നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..