Latest NewsIndia

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; രാജ്യത്ത്‌ കനത്ത ജാഗ്രത: വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി!

കഴിഞ്ഞ ഒക്‌ടോബര്‍ 23 നുശേഷം ആദ്യമായാണു രാജ്യത്ത്‌ ഒരു ദിവസം അരലക്ഷത്തിലേറെപ്പേരില്‍ രോഗബാധ കണ്ടെത്തുന്നത്‌.

ന്യൂഡല്‍ഹി: ഒരു ദിവസം അരലക്ഷത്തിലേറെപ്പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ രാജ്യത്ത്‌ കനത്ത ജാഗ്രത. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോവിഡ്‌ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവച്ചു. പ്രതിദിനം 33 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കി മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമവുമായി കേന്ദ്രസര്‍ക്കാരും രംഗത്തിറങ്ങി. ഇന്നലെ രാജ്യത്ത്‌ 53,476 പേര്‍ക്കാണു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 23 നുശേഷം ആദ്യമായാണു രാജ്യത്ത്‌ ഒരു ദിവസം അരലക്ഷത്തിലേറെപ്പേരില്‍ രോഗബാധ കണ്ടെത്തുന്നത്‌.

ഇന്നലെ മഹാരാഷ്‌ട്രയില്‍ മാത്രം 35,952 കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 111 പേര്‍ മരിച്ചു. 75 ദിവസങ്ങള്‍ക്കുശേഷം മുംബൈയില്‍ കോവിഡ്‌ രോഗികളുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഇന്നലെ 5,504 പേര്‍ക്കാണു രോഗം കണ്ടെത്തിയത്‌. മഹാരാഷ്‌ട്രയിലെ പുതിയ കോവിഡ്‌ രോഗികളില്‍ 20 ശതമാനം പേരില്‍ പലതവണ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണു കൂടുതല്‍ ആശങ്കയായത്‌.കോവിഡിന്റെ യു.കെ, യു.എസ്‌., ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളാണു മഹാരാഷ്‌ട്രയില്‍ പടരുന്നതെന്നാണു റിപ്പോര്‍ട്ട്‌.

വകഭേദം വന്ന രണ്ട്‌ കോവിഡ്‌ വൈറസുകള്‍ ചേര്‍ന്നുള്ള പുതിയ കോവിഡ്‌ വകഭേദവും മഹാരാഷ്‌ട്രയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇ484ക്യൂ, എല്‍452ആര്‍ വകഭേദങ്ങളാണു കണ്ടെത്തിയിട്ടുള്ളത്‌. ഇ484ക്യൂ വകഭേദത്തിനു ബ്രസീലിയന്‍- ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളോടാണു സാമ്യം. എല്‍452ആര്‍ കാലിഫോര്‍ണിയന്‍ പതിപ്പിനോടാണു ബന്ധം. ഇതേത്തുടര്‍ന്നു ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യു.എസില്‍ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുകയാണ്‌.

എന്നാല്‍, ബ്രസീലില്‍ കുതിപ്പ്‌ തുടരുകയാണ്‌. ഇന്നലെ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്കാണു ബ്രസീലില്‍ കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. യു.എസില്‍ 66,538 പേര്‍ക്കും. എന്നാല്‍, വിശദമായ പഠനത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്‌തയുണ്ടാകുകയുള്ളൂവെന്നു സി.എസ്‌.ഐ.ആറിലെ ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. പുതിയ കോവിഡ്‌ വകഭേദങ്ങള്‍ ആശങ്ക നല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ക്ക്‌ ഈ കോവിഡ്‌ വകഭേദത്തെ നിയന്ത്രിക്കാനാകുമോയെന്നു പരിശോധിക്കും.

read also: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കായിക ഇനമായി യോഗയെ ഉൾപ്പെടുത്താനൊരുങ്ങി മോദി സർക്കാർ

അതേ സമയം, കോവിഷീല്‍ഡ്‌ വാക്‌സിന്‍ കയറ്റുമതി മൂന്ന്‌ മാസത്തേക്കു നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം ലഭിച്ചതായി പുനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അറിയിച്ചു. ഇതുവരെ 80 രാജ്യങ്ങള്‍ക്കായി ആറ്‌ കോടി ഡോസ്‌ വാക്‌സിനാണ്‌ ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്‌തിട്ടുള്ളത്‌. ജനുവരി 20 നാണ്‌ ഇന്ത്യ കോവിഡ്‌ വാക്‌സിന്‍ കയറ്റുമതി തുടങ്ങിയത്‌. വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവച്ചത്‌ ദരിദ്രരാജ്യങ്ങള്‍ക്കു തിരിച്ചടിയാകും. ഇന്ത്യയില്‍ വിതരണം ചെയ്‌ത വാക്‌സിന്റെ 90 ശതമാനവും കോവിഷീല്‍ഡാണ്‌. പ്രതിമാസം ഏഴു കോടി ഡോസാണു സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഉത്‌പാദിപ്പിക്കുന്നത്‌. അടുത്ത മാസത്തോടെ ഇതു 10 കോടി ഡോസായി ഉയര്‍ത്താനാണു ശ്രമം.

Related Articles

Post Your Comments


Back to top button