കൽപ്പറ്റ > കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പട്ടികവർഗ വകുപ്പിൽ നടന്ന അഴിമതികളുടെ പ്രതീകമാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒരുവുമ്മൽ കോളനി. പ്ലാസ്‌റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചോർന്നൊലിക്കുന്ന കൂരകളുടെ മുറ്റം ഇന്റർലോക്ക് ചെയ്‌തായിരുന്നു പി കെ ജയലക്ഷ്‌മി മന്ത്രിയായിരുന്നപ്പോഴുള്ള വികസനം. മഴ പെയ്‌താൽ തുള്ളിവെള്ളം പുറത്തുപോകില്ല. എല്ലാം അകത്തുതന്നെ. ഇവർക്ക് വീട് നിർമിച്ചുനൽകുന്നതിനുപകരം മുറ്റം ഇന്റർലോക്ക് ചെയ്യുന്നതായിരുന്നു യുഡിഎഫിന്റെ വികസന വിപ്ലവം. ഫണ്ട് ധൂർത്തടിക്കാനുള്ള പദ്ധതിമാത്രമായിരുന്നു മുറ്റം ഇന്റർലോക്കിങ്.
യുഡിഎഫ് അഴിമതിയിൽ മുക്കിയ ഹാംലെറ്റ് പദ്ധതിയിലായിരുന്നു ഈ പ്രവൃത്തിയും.17 വീടുകളാണ് ഒരുവുമ്മൽ കോളനിയിൽ ഉള്ളത്. ഇവരുടെ വീടെന്ന സ്വപ്‌നം എൽഡിഎഫ് സർക്കാർ പൂർത്തിയാക്കുകയാണ്. 10 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലാണ് വീട് നിർമിക്കുന്നത്. സ്ഥലമില്ലാത്തവർക്ക് വീടും സ്ഥലവും അനുവദിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെതന്നെ പുതുക്കുടിക്കുന്നിലാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് സ്ഥലവും വീടുമാണ് നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 61 ആദിവാസി കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്. വീട് നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. വീടൊന്നിന് ആറ് ലക്ഷം രൂപയാണ് വിനിയോഗിക്കുക. 500 സ്‌ക്വയർഫീറ്റ് വിസ്‌തൃതിയാണുള്ളത്. മികച്ച സൗകര്യങ്ങളോടെയാണ് നിർമാണം. ജില്ലാ നിർമിതി കേന്ദ്രക്കാണ് നിർമാണ ചുമതല. 20 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി.
പുനരധിവാസത്തിനായി ഏഴ് ഏക്കർ പട്ടികവർഗ വകുപ്പ് വിലകൊടുത്തുവാങ്ങിയതാണ്. പട്ടികയിൽ ഉൾപ്പെട്ടവരിൽ കൂടുതലും പ്രളയബാധിതരായ കുടുംബങ്ങളാണ്. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഭവനനിർമാണം ആരംഭിച്ചത്. ഇത് പൂർത്തിയാകുന്നതോടെ ഒരുവുമ്മൽ കോളനിയിലെ കുടുംബങ്ങൾക്കും ആശ്വാസമാകും. പി കെ ജയലക്ഷ്‌മി പട്ടികവർഗ മന്ത്രിയായിരിക്കുമ്പോൾ കോളനിയിലെ വാസയോഗ്യമല്ലാത്ത കൂരകളുടെ മുറ്റം ഇന്റർലോക്ക് ചെയ്‌തതിനെതിരെ വ്യാപക വിമർശമാണ് ഉയർന്നത്. ദൃശ്യമാധ്യമങ്ങളുൾപ്പെടെ അഴിമതി തുറന്നുകാണിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..