ദീർഘകാലം യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് എം എൽഡിഎഫിൽ
എത്തിയതിനെ തുടർന്നുള്ള രാഷ്ട്രീയമാറ്റം തദ്ദേശ തെരഞ്ഞെടുപ്പോടെ
ബോധ്യമായെന്ന് ചെയർമാൻ ജോസ് കെ മാണി. ഇത് വരുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ
കരുത്തോടെ ആവർത്തിക്കുമെന്ന യാഥാർഥ്യമാണ് കേരളത്തിലുടനീളം. ഗ്രാമ–-നഗര
വ്യത്യാസമില്ലാതെ എല്ലാവർക്കും ബോധ്യപ്പെടുന്ന മാറ്റം, വികസനം, പദ്ധതികൾ
ഇതിനുപരി സർക്കാരിന്റെ ഇച്ഛാശക്തിയും കരുതലും ഭരണത്തുടർച്ച ഉറപ്പാക്കുന്നു.
തെരഞ്ഞെടുപ്പ് ചൂടും ചൂരും ഉയരവെ തെരഞ്ഞെടുപ്പിനെക്കുറിച്ച്
ജോസ് കെ മാണി ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുന്നു
തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സും വിലയിരുത്തലും
കേരളപ്പിറവിക്കുശേഷം ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടന്ന മറ്റൊരുഘട്ടം ഉണ്ടാകില്ല. സാധാരണ മുന്നണികൾ മാറിമാറി വരുമെന്ന പരമ്പരാഗത ധാരണകൾക്ക് അന്ത്യംകുറിക്കും. നിഷ്‌പക്ഷരും അല്ലാത്തവരും നിശബ്‌ദരുമായ വോട്ടർമാർ എല്ലാവരും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുണ്ട്. നാടിന്റെ മുക്കിലും മൂലയിലും ഉണ്ടായ വികസനവും വീടുകളിൽ വന്ന ക്ഷേമപദ്ധതികളും വോട്ടർമാർ വിലയിരുത്തും. സർവതല സ്‌പർശിയായ പുരോഗതി നാട് കാണുന്നു. വികസനത്തിന്റെ നേട്ടം ലഭിക്കാത്തവരായി ആരുംതന്നെയില്ല.
യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടും പ്രചാരണ തന്ത്രങ്ങളും
എൽഡിഎഫിന്റെ വർധിച്ച ജനപിന്തുണ മറയ്‌ക്കാനും അതിലേക്കെത്തിച്ച വികസന ക്ഷേമ പ്രവർത്തനങ്ങളെ തമസ്‌കരിക്കാനും ലക്ഷ്യംവച്ചാണ് യുഡിഎഫ് വിവാദങ്ങളും അപവാദങ്ങളും പിടിവള്ളിയാക്കുന്നത്. ബിജെപിയുടെ സഹായിയായാണ് പ്രവർത്തനം. ഒന്നിനും ഒരു തെളിവും ഇല്ലെങ്കിലും വികസന പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാനാണ് നീക്കം. യുഡിഎഫ് സംവിധാനംതന്നെ ഇല്ലാതായി. വർഗീയശക്തികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ഫലപ്രദമായി നേരിടുന്നത് എൽഡിഎഫാണ്. രാഷ്‌ട്രീയം ചർച്ചചെയ്യാൻ യുഡിഎഫിന് കഴിയുന്നില്ല. എൽഡിഎഫ് നേതാക്കൾക്കെതിരെ വ്യക്തിഹത്യ അജൻഡയായി ഏറ്റെടുത്തിരിക്കുന്നു. കേന്ദ്രഭരണത്തിനെതിരെ ഒന്നും ഉരിയാടുന്നില്ല.
എൽഡിഎഫിലെത്തിയ ശേഷം
പാർടിയുടെ സ്വീകാര്യത വർധിച്ചു. എല്ലാ മെറിറ്റും മാനദണ്ഡങ്ങളും നോക്കിയാണ് കമീഷൻ ചിഹ്നം അനുവദിച്ചത്. എന്നാൽ ശ്രദ്ധതിരിച്ചുവിടാൻ പി ജെ ജോസഫ് നിരന്തരം കോടതികളിൽ പോകുന്നു. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും ജോസഫിനൊപ്പം ഉള്ളവരും പാർടിയിൽ വന്നുകൊണ്ടിരിക്കുന്നു. പോയവർ തെറ്റുപറ്റിയെന്ന് രഹസ്യമായി അറിയിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്ന് തെളിയിച്ചു. മധ്യ തിരുവിതാകൂറിൽ യുഡിഎഫിന്റെ കരുത്ത് കേരള കോൺഗ്രസ് എം ആയിരുന്നെന്ന് കോൺഗ്രസിനും ബോധ്യപ്പെട്ടു.
ജനകീയ പ്രശ്‌നങ്ങളും എൽഡിഎഫ്
നിലപാടും
കർഷക–-ജനകീയ പ്രശ്‌നങ്ങളിൽ എൽഡിഎഫ് രാജ്യത്ത് മാതൃകയാകുമ്പോൾ കോൺഗ്രസ് ചെറുവിരൽ ചലിപ്പിക്കുന്നില്ല. ആറരലക്ഷത്തോളം കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലെത്തി. 1,76,711 കർഷകർക്ക് പട്ടയം, റബർ–-നാളീകേരം ഉൾപ്പെടെയുള്ളവയ്‌ക്ക് താങ്ങുവില, ലൈഫ് പദ്ധതി എന്നിവ പ്രധാനം. മാത്രമല്ല പ്രളയം, കോവിഡ്, കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ സംസ്ഥാനം ഫലപ്രദമായി നേരിട്ടു. പുതിയ കാലത്തിനൊത്ത് കേരളത്തെ മാറ്റുകയാണ് എൽഡിഎഫ്. കേരളമാകെ തുടർഭരണ തരംഗമാണുള്ളത്.
തയ്യാറാക്കിയത്: കെ ടി രാജീവ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..