കോട്ടയം > യുഡിഎഫ് അന്ധമായി വിമർശിക്കുന്ന പിണറായി വിജയന് രണ്ടാം ഊഴം ഉറപ്പാണന്ന് എൻസിപി നേതാവ് പി സി ചക്കോ പറഞ്ഞു. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി മണർകാട് ബസ് സ്‌റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസന പ്രക്രിയയാണ് പിണറായി സർക്കാർ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കിയത്.
അത് നേരിട്ടറിയാവുന്ന ഓരോ വോട്ടറും തുടർഭരണത്തിനായി വോട്ട് ചെയ്യും. കേരളം ദുരിതങ്ങൾ താണ്ടിയ കാലത്ത് പിണറായി പറഞ്ഞ വാക്കുകൾ മനസിലുണ്ട്. ‘ഒരാളെയും പട്ടിണിക്കിടാൻ ഈ സർക്കാർ സമ്മതിക്കില്ല’ എന്നായിരുന്നു അത്. 13 ഇനം പലവ്യഞ്‌ജനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയ ഒരു വോട്ടറും എൽഡിഎഫിന് വോട്ട് ചെയ്യാതിരിക്കില്ല - ചാക്കോ പറഞ്ഞു.
ഇനി യുഡിഎഫ് അധികാരത്തിൽ വന്നാൽ പോലും 67,000 കോടി സമാഹരിച്ച കിഫ്‌ബി പിരിച്ചുവിടുമെന്ന് പറയാൻ തന്റേടമുണ്ടോയെന്ന് ചാക്കോ ചോദിച്ചു. 1.17 ലക്ഷം കോടിയുടെ കടം ബാക്കിയാക്കിയാണ് മുൻ യുഡിഎഫ് സർക്കാർ ഇറങ്ങിപ്പോയത്. അതിപ്പോൾ 3.16 ലക്ഷം കോടിയായത് ചൂണ്ടിക്കാട്ടിയാണ് കേരളം കടക്കെണിയിലായി എന്ന് പറയുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സമർഥനായ ജയ്‌ക് സി തോമസിനു വേണ്ടി ഇനിയെങ്കിലും വഴിമാറണമെന്നും പി സി ചാക്കോ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു.
എൽഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ ജി ശശി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, എൻസിപി സംസ്ഥാന എക്‌സിക്യുട്ടീവംഗം പി കെ ആനന്ദക്കുട്ടൻ, ജില്ലാ പ്രസിഡന്റ് ടി വി ബേബി എന്നിവരും സംസാരിച്ചു. മുന്നണി നേതാക്കൾ പങ്കെടുത്തു. സിപിഐ എം അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..