ചെന്നിത്തലയുടെ പേഴ്‌സണൽ സ്‌റ്റാഫ്
ഉന്നതനടക്കം രണ്ട് സിവിൽ സർവീസ്
ഉദ്യോഗസ്ഥരും യുപിഎ സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ വൻകിട ഇടപാടുകളിലെ
ദല്ലാളായിരുന്ന ഒരു മലയാളിയും ഇഎംസിസി ഉടമയും പലതവണ കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിലെ ഗൂഢാലോചന ആസൂത്രണംചെയ്‌തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതി കേന്ദ്രീകരിച്ച്. രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്‌റ്റാഫ് ഉന്നതനടക്കം രണ്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരും യുപിഎ സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ വൻകിട ഇടപാടുകളിലെ ദല്ലാളായിരുന്ന ഒരു മലയാളിയും ഇഎംസിസി ഉടമയും പലതവണ ഇവിടെ കൂടിക്കാഴ്‌ച നടത്തി.
2020 ഒക്‌ടോബറിലാണ് പ്രാരംഭ ചർച്ച തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നീക്കങ്ങൾ വേഗത്തിലാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി ഡോ. എൻ പ്രശാന്ത് കന്റോൺമെന്റ് ഹൗസിലെത്തി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ അമ്പാടിയുമായി കൂടിക്കാഴ്‌ച നടത്തി.
400 ട്രോളർ നിർമിക്കാനുള്ള ധാരണപത്രം ഒപ്പിടുംമുമ്പ് ഇഎംസിസി ഉടമയും കെഎസ്‌ഐഎൻസി എംഡിയും കന്റോൺമെന്റ് ഹൗസിൽ വന്നു. രമേശ് ചെന്നിത്തല യുഡിഎഫ് ജാഥയുമായി എറണാകുളത്തെത്തിയപ്പോൾ അവിടെയും കൂടിക്കാഴ്‌ച നടത്തി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പ്രശാന്ത് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർക്കാർ അനുമതിയില്ലാതെയാണ് ട്രോളർ നിർമാണത്തിന് ധാരണപത്രം ഒപ്പിട്ടത്. അതിനെ ആഴക്കടൽ മത്സ്യബന്ധന കരാറായി ചിത്രീകരിച്ചാണ് വിവാദത്തിന് തുടക്കമിട്ടത്. വ്യാഴാഴ്‌ച രേഖകളെന്ന പേരിൽ ചാനലുകൾ പുറത്തുവിട്ടത് പ്രശാന്തും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ വാട്‌സാപ് സന്ദേശങ്ങളാണ്. അതിന് ഔദ്യോഗിക പരിവേഷം നൽകി മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്‌ക്കാനാണ് ശ്രമിച്ചതും.
പിന്തുണച്ചതിൽ തെറ്റില്ലെന്ന് ചെന്നിത്തല
കൊല്ലം കുണ്ടറയിൽ ഇഎംസിസി കമ്പനിയുടെ ഡയറക്ടർ ഷിജു എം വർഗീസിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് നിർദേശപത്രികയിൽ കോൺഗ്രസ് പഞ്ചായത്തംഗം ഒപ്പിട്ടതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിച്ചയാളെ പിന്തുണച്ചതിൽ അപാകമില്ല. തൃശൂർ പ്രസ്‌ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..