പാറശാല > പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനുനേരെ ആർഎസ്എസ് - എബിവിപി ആക്രമണം. ബുധനാഴ്ച വൈകിട്ട് 5 ഓടെ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിന് മുന്നിൽ പര്യടനമെത്തിയപ്പോഴാണ് ഇരുമ്പ് ദണ്ഡും മാരകായുധങ്ങളും കമ്പും കല്ലുമായി സംഘടിച്ചെത്തിയ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
പര്യടനം കടന്നു വന്നപ്പോൾ കോളേജ് ഗേറ്റിന് മുന്നിൽ ആയുധങ്ങളുമായി നിലയുറപ്പിച്ച സംഘം ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. അകമ്പടി വാഹനത്തിലെത്തിയ പ്രവർത്തകരെ കുറുവടി കൊണ്ടടിച്ചു. എൽഡിഎഫ് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപി പരാജയഭീതിയിൽ അക്രമം അഴിച്ചുവിട്ട് കലാപം സൃഷ്‌ടിക്കുകയാണ്. ധനുവച്ചപുരം വിടിഎം എൻ എസ്എസ് കോളേജ് ക്യാമ്പസിനെയാണ് അക്രമി സംഘം താവളമാക്കുന്നത്. പുറത്തുള്ള ആർഎസ്എസ് സംഘമാണ് എബിവിപി പ്രവർത്തകർക്ക് അക്രമത്തിന് ഒത്താശ ചെയ്യുന്നത്. ഈ കലാലയത്തിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇവരുടെ ലക്ഷ്യം.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നാട്ടുകാരുമായി പങ്കുവച്ച് സമാധാനപരമായി നടത്തുന്ന പര്യടനത്തിനെതിരെ ആർഎസ്‌എസ്–-- ബിജെപി പ്രവർത്തകർ നടത്തുന്ന ആക്രമണത്തിനെതിരെ എൽഡിഎഫ് പാറശാല മണ്ഡലം കമ്മിറ്റിയും സിപിഐ എം പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാറും പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..