25 March Thursday

ദുബായ് ഉപ ഭരണാധികാരി അന്തരിച്ചു

അനസ് യാസിന്‍Updated: Wednesday Mar 24, 2021


ദുബായ് >  ദുബായ് ഉപ ഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തും അന്തരിച്ചു. 75 വയസ്സായിരുന്നു. മാസങ്ങളായി ചികിത്സയിലായിരുന്നു. മരണ വിവരം സഹോദരനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു.


മുന്‍ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനായ ഷെയ്ഖ് ഹംദാന്‍ കേംബ്രഡ്ജിലെ ബെല്‍സ്‌കൂള്‍ ഓഫ് ലാംഗേജസിലാണ് ഉപരിപനം പൂര്‍ത്തിയാക്കിയത്. 1971ല്‍ യുഎഇയുടെ ആദ്യ ധന മന്ത്രിയായ അദ്ദേഹം ആ പദവി മരിക്കും വരെ  വഹിച്ചു. നീണ്ട് അഞ്ചു പതിറ്റാണ്ടോളം ധന വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം യുഎഇയുടെ സാമ്പത്തിക കുതിപ്പിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ചു.
ദുബായ് മുനിസിപ്പാലിറ്റി ചെയര്‍മാനായും ദുബായ്  വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് അലൂമിനിയം ആന്റ് നാച്വറല്‍ ഗ്യാസ് കമ്പനി, തുടങ്ങിയ ഉന്നത സ്ഥാപനങ്ങളല്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.


ദുബായ് പോര്‍ട്ട്‌സ് അതോറിറ്റിയുടെ ഗവേണിംഗ് ബോഡ് പ്രസിഡന്റായിരുന്ന അദ്ദേഹം അന്താരാഷ്ട്ര നാണയ നിധി, ഒപെക് ഫണ്ട്, അറബ് രാജ്യങ്ങള്‍ എന്നിവയിലെ യുഎഇയുടെ മുഖ്യ പ്രതിനിധി കൂടിയായിരുന്നു.


1995 ജനുവരി നാലിനാണ് ഷെയ്ഖ് ഹംദാനെ ദുബായ് ഉപ ഭരണാധികാരിയായ നിയമിച്ചത്. അല്‍ മക്തൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്കും ഷെയ്ഖ് ഹംദാന്‍ ധനസഹായം നല്‍കി. ധനമന്ത്രിയായിരിക്കെ ധന വിനിയോഗത്തിലും ആസൂത്രണത്തിലും കാണിച്ച മികവ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2006 ല്‍ റോയല്‍ ബ്രിട്ടീഷ് കോളജ് മൂന്ന് ഹോണററി ഫെലോഷിപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.


ദുബായില്‍ പത്ത് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ദുബായിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും  സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. യുഎഇയില്‍ പ്രഡിഡന്റ് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.


മൃതദേഹം ബുധനാഴ്ച വൈകീട്ട് ദുബായിലെ ഉം ഹുറൈന്‍ കബര്‍സ്ഥാനില്‍ കബറടക്കി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, കുടുംബാംഗങ്ങള്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
 
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top