Latest NewsNewsInternational

ഭീകരരുടെ മുഴുവന്‍ നാശവും കണ്ടേ അടങ്ങൂ; അഫ്ഗാനെ വരുതിയിലാക്കാനൊരുങ്ങി അമേരിക്ക

എല്ലാ സഖ്യരാജ്യങ്ങളുമായി ആലോചിച്ചശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന അമേരിക്കയുടെ പുതിയ നയം നാറ്റോയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

വാഷിംഗ്ടണ്‍: അഫ്ഗാനെ ഭീകരരുടെ സ്വര്‍ഗ്ഗമാക്കാന്‍ അനുവദിക്കില്ലെന്ന്‌ അമേരിക്ക. നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനെ ഒരിക്കലും ഭീകരരുടെ സ്വര്‍ഗ്ഗരാജ്യമാക്കി മാറ്റാന്‍ അനുവദിക്കില്ല. അതേസമയം അമേരിക്കന്‍ സേനയെ നിലനിര്‍ത്തിക്കൊണ്ട് ഭാവിയില്‍ ഒരു സമാധാന ശ്രമവും ആലോചിക്കുന്നില്ല. നാറ്റോ സഖ്യമായുണ്ടാക്കിയ തീരുമാനം രഹസ്യമാക്കി വച്ചിരിക്കുകയാണ് അമേരിക്ക.

‘തങ്ങളുടെ തീരുമാനം ഏറ്റവും ഫലപ്രദവും തന്ത്രപരവുമായിരിക്കും. നാറ്റോ സഖ്യത്തിന്റെ വിലയിരുത്തലുകള്‍ ഏറെ സുപ്രധാനമാണ്. അഫ്ഗാനിലെ നിലവിലെ അവസ്ഥയും ദോഹ കരാറും അതുപോലെ പ്രധാനപ്പെട്ടതാണ്. അഫ്ഗാനിലെ എല്ലാ ആക്രമണ പരമ്ബരകള്‍ക്കും ഭീകരാന്തരീക്ഷത്തിനും ഉത്തരവാദിത്വപരമായ ഒരു അന്ത്യമാണ് ഉണ്ടാവുക. അഫ്ഗാനെ ഇനി ഒരിക്കലും ഭീകരരുടെ സുരക്ഷിത സ്വര്‍ഗ്ഗമാക്കി മാറ്റില്ല.’ ബ്ലിങ്കന്‍ പറഞ്ഞു. ബ്രസ്സല്‍സില്‍ നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ അഫ്ഗാനിലെ വിഷയം ചര്‍ച്ചചെയ്യുകയും അമേരിക്കയുമായി വിശദാംശങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Read Also: ഡോ.എസ്.ജയശങ്കര്‍ ഇന്ന് ഖത്തറില്‍; ഇന്ത്യ-ഖത്തർ ബന്ധം നിർണായകം

കഴിഞ്ഞയാഴ്ച താലിബാന്‍ നേതാക്കള്‍ അമേരിക്കയോട് അവശേഷിക്കുന്ന 2500 സൈനികരെ മെയ് 1നുള്ളില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെയ് മാസത്തോടെ പിന്മാറ്റം സാദ്ധ്യമാകില്ലെന്ന നിലപാടാണ് ജോ ബൈഡന്റേത്. എല്ലാ സഖ്യരാജ്യങ്ങളുമായി ആലോചിച്ചശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന അമേരിക്കയുടെ പുതിയ നയം നാറ്റോയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്ക സൈന്യത്തെ പിന്‍വലിക്കരുതെന്നും അഫ്ഗാനില്‍ നിന്ന് നാറ്റോ സേന പിന്മാറുന്നത് ഏഷ്യന്‍ മേഖലയ്ക്കും ആഗോള തലത്തിലും വലിയ വിപത്തായിരിക്കുമെന്നും നാറ്റോ മേധാവി രണ്ടാഴ്ച മുന്നേ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post Your Comments


Back to top button