24 March Wednesday
അരിയും അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകവും ഒന്നിച്ച്‌ വിതരണം 
ചെയ്യുന്നത്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലാദ്യം

ദാ അമ്മേ, 
അന്നം അറിവ്‌ ; ഇന്ന്‌ ഈ അരികൊണ്ടുള്ള ചോറു മതിയമ്മാ...

എം വി പ്രദീപ്‌Updated: Wednesday Mar 24, 2021

ഫോട്ടോ: ജി പ്രമോദ്‌


തിരുവനന്തപുരം
‘‘ഇന്ന്‌ ഈ അരികൊണ്ടുള്ള ചോറു മതിയമ്മാ... പുതിയ പുസ്‌തകം വായിക്കുമ്പോഴേക്കും ചോറ്‌ വച്ച്‌ തരൂല്ലേ...’’ കോട്ടൺഹിൽ ഗവ. എൽപി സ്‌കൂൾ രണ്ടാം ക്ലാസിലെ ജ്വാല വാശിപിടിച്ചാണ്‌ അമ്മ ഷിജിനയോടൊപ്പം ബുധനാഴ്‌ച രാവിലെ പുസ്‌തകവും 15 കിലോ അരിയും വാങ്ങാൻ സ്‌കൂളിലെത്തിയത്‌. അധ്യാപകരിൽനിന്ന്‌ പുസ്‌തകംവാങ്ങിയശേഷം അരിവാങ്ങാനെത്തിയപ്പാൾ ജ്വാല അരി കൈയിലെടുത്തുനോക്കി. കഴിഞ്ഞതവണത്തെ അരിതന്നെ... ‘‘ഇത്‌ തീരുംവരെ ഇതുകൊണ്ടേ അവൾ ചോറുണ്ണൂ’’. ഷിജിന പ്രീത്‌ പറഞ്ഞു: ‘‘ സ്‌കൂൾ തുറക്കാത്തതിൽ അവൾക്ക്‌ വളരെ സങ്കടമുണ്ട്‌. സ്‌കൂളിൽ പോകാൻ എന്നുംതിരക്ക്‌ കൂട്ടും.. ഉച്ചഭക്ഷണത്തിന്‌ പകരം അരിയും കിറ്റും കിട്ടിത്തുടങ്ങിയപ്പോൾ ആ അരി കൊണ്ടേ ചോറു തിന്നൂവെന്ന്‌‌ അവൾക്ക്‌ നിർബന്ധമാണ്‌. അധ്വാനിച്ചുണ്ടാക്കുമ്പോഴുള്ളതുപോലുള്ള ആഹ്ലാദമാണ്‌‌.. ‌’’.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെല്ലാം പാഠപുസ്‌തകവിതരണം ആരംഭിച്ചപ്പോൾ സമാന അനുഭവങ്ങളാണ്‌ സ്‌കൂൾ അധികൃതർക്ക്‌ പങ്കുവയ്‌ക്കാനുള്ളത്‌. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ്‌ അടുത്ത വർഷത്തെ പാഠപുസ്‌തകങ്ങൾ ലഭിച്ചത്‌. ഒപ്പം പ്രീപ്രൈമറി മുതൽ എട്ടുവരെയുള്ള വിദ്യാർഥികൾക്ക്‌ സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ അരിയും അനുബന്ധ വിഭവങ്ങളും നൽകി. അരിയും അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകവും ഒന്നിച്ച്‌ വിതരണം ചെയ്യുന്നത്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ്‌. വിതരണം 30നകം പൂർത്തിയാക്കാനാണ്‌ നിർദേശം .

ഇത്‌ നാലാംതവണ
ഈ അധ്യായന വർഷം ഇത്‌ നാലാം തവണയാണ്‌ കുട്ടികൾക്ക്‌ അരി നൽകുന്നത്‌. മാർച്ചിൽ പ്രീ പ്രൈമറിക്കാർക്ക്‌ അഞ്ചുകിലോ അരിയും ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകാർക്ക്‌ 15 കിലോ അരിയും ആറു മുതൽ എട്ടുവരെയുള്ളവർക്ക്‌ 25 കിലോ അരിവീതവുമാണ്‌ സർക്കാർ നൽകിയത്‌. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും  വിതരണം ആരംഭിച്ചു.

സ്‌കൂൾ കുട്ടികൾക്ക്‌ 
അരി കൊടുക്കുന്നതിന് എതിരെ ചെന്നിത്തല
സ്കൂൾ കുട്ടികൾക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണ്‌. വിഷുവിനുള്ള കിറ്റ്  വിതരണം‌, മാർച്ച്‌ , ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂറായി നൽകൽ ഇവയും  തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന്  ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് സർവേയിൽ യുഡിഎഫ്‌ വിശ്വസിക്കുന്നില്ല. ഇത് ജനങ്ങളെ പറ്റിക്കാനാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമുണ്ട്‌. 140 മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ ചേർത്തു. ഇതിനു പിന്നിൽ സിപിഐ എമ്മിന്റെ  സർവീസ് സംഘടനകളാണെന്നും ചെന്നിത്തല ആരോപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top