25 March Thursday

ഭാരത്‌ ബന്ദിന്‌ ഒരുങ്ങി കർഷകതൊഴിലാളി സംഘടനകൾ ; തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം 
പഠിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021


ന്യൂഡൽഹി
കർഷക സംഘടനകളും ട്രേഡ്‌ യൂണിയനുകളും സംയുക്തമായി വെള്ളിയാഴ്‌ച ‘ഭാരത്‌ ബന്ദ്‌’ ആചരിക്കുന്നതിന് മുന്നോടിയായി ട്രേഡ് ‌യൂണിയനുകളുടെ ആഹ്വാനപ്രകാരമുള്ള മൂന്നുദിവസത്തെ രാജ്യവ്യാപക പ്രതിഷേധത്തിന്‌ തുടക്കമായി.

കാർഷികനിയമങ്ങളും തൊഴിൽനിയമങ്ങളും പിൻവലിക്കുക എന്ന ആവശ്യത്തിനൊപ്പം വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, മിനിമം താങ്ങുവില നിയമപരമാക്കല്‍, റെയിൽവേ, പ്രതിരോധം, കൽക്കരി, എണ്ണ, ടെലികോം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം തടയൽ, സാർവത്രിക റേഷൻ, ജീവിതോപാധി ഇല്ലാത്തവര്‍ക്ക് ധനസഹായം, തൊഴിലുറപ്പ്‌ തൊഴിൽ ദിനങ്ങൾ വര്‍ധിപ്പിക്കൽ, തൊഴിലുറപ്പ്‌ പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കൽ, തസ്‌തികകൾ നികത്തൽ തുടങ്ങിയ ആവശ്യങ്ങളും ‌യൂണിയനുകൾ മുന്നോട്ടുവയ്‌ക്കുന്നു.

ഏപ്രിൽ ഒന്നിന്‌ രാജ്യവ്യാപകമായി നാല്‌ തൊഴിൽ നിയമത്തിന്റെയും പകർപ്പുകൾ തൊഴിലാളികള്‍ കത്തിക്കും. തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾ കേന്ദ്ര ഭരണകക്ഷിയായ ബിജെപി‌ക്കെതിരായി വിധിയെഴുതണമെന്ന്‌ ട്രേഡ് ‌യൂണിയനുകൾ ആഹ്വാനം ചെയ്‌തു. കേന്ദ്രഭരണകക്ഷിയെ പാഠം പഠിപ്പിക്കേണ്ട സമയമാണ് ഇത്‌–- സിഐടിയു, എഐടിയുസി, ഐഎൻടിയുസി അടക്കമുള്ള ട്രേഡ് ‌യൂണിയനുകൾ പ്രസ്‌താവനയിൽ അറിയിച്ചു.

നാലുദിവസം തുടർച്ചയായി പണിമുടക്കിയ സാമ്പത്തികമേഖലാ ജീവനക്കാരെയും  മാർച്ച്‌ 15ന്‌ സ്വകാര്യവൽക്കരണവിരുദ്ധ–- കുത്തകവിരുദ്ധ ദിനമായി ആചരിച്ച തൊഴിലാളികളെയും  ട്രേഡ്‌ യൂണിയനുകൾ അഭിനന്ദിച്ചു. ബാങ്ക്‌ ജീവനക്കാർ മാർച്ച്‌ 15നും 16നും ഇൻഷുറൻസ്‌ ജീവനക്കാർ 17നും 18നും പണിമുടക്കിയിതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top