25 March Thursday

എൽഡിഎഫ്‌ ജയം ദേശീയരാഷ്‌ട്രീയത്തിലും മാറ്റമുണ്ടാക്കും: എസ്‌ ആർ പി

പ്രത്യേക ലേഖകൻUpdated: Wednesday Mar 24, 2021


കൊച്ചി
കോർപറേറ്റുവൽക്കരണവും വർഗീയതയും നടപ്പാക്കുന്ന മോഡിസർക്കാരിനെതിരായ ചെറുത്തുനിൽപ്പ്‌ കൂടുതൽ ശക്തമാക്കാൻ കേരളത്തിൽ എൽഡിഎഫ്‌ വിജയിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. ദേശീയരാഷ്‌ട്രീയം കേരളത്തിൽ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാൻ തുടർഭരണം വരണം. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ തിരിഞ്ഞുനോക്കാത്ത മോഡിസർക്കാരിന്‌ കേരളത്തിൽ എൽഡിഎഫിന്റെ വിജയം കനത്ത തിരിച്ചടി നൽകും.

എറണാകുളം നഗരത്തിലും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും അങ്കമാലിയിലും എൽഡിഎഫ്‌ തെരഞ്ഞെടുപ്പുപ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിമർശവും പ്രതിപക്ഷത്തിന്‌ ഉന്നയിക്കാനില്ല.‌ കേന്ദ്രസർക്കാർ ഏജൻസികളായ ഇഡിയും ആദായനികുതിവകുപ്പും കസ്‌റ്റംസും സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. തെരഞ്ഞെടുപ്പുകാലത്ത്‌ പുകമറ സൃഷ്‌ടിക്കുകമാത്രമാണ്‌ അവരുടെ ലക്ഷ്യം. 

വികസനത്തെക്കുറിച്ചോ ജനക്ഷേമത്തെക്കുറിച്ചോ ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ്‌ യുഡിഎഫും ബിജെപിയും ശബരിമല വിഷയമാക്കുന്നത്‌. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമല്ലേ. വിധി വരട്ടെ. അപ്പോൾ എല്ലാവരുമായും ചർച്ച ചെയ്യുമെന്ന്‌ നേരത്തേതന്നെ സർക്കാർ വ്യക്തമാക്കിയതാണ്‌. 

അഞ്ചുവർഷംമുമ്പ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ നിയമതടസ്സമുള്ള 20 എണ്ണം ഒഴിച്ച്‌  580 വാഗ്‌ദാനങ്ങളും നടപ്പാക്കിയ സർക്കാരാണിത്‌.‌ അടുത്ത അഞ്ചുവർഷത്തേക്കുള്ള 900 വാഗ്‌ദാനങ്ങൾ ജനങ്ങൾക്കുമുന്നിൽ സമർപ്പിച്ചത്‌, നടപ്പാക്കാൻ കഴിയുമെന്ന ഉറപ്പോടെയാണ്‌.

പശ്‌ചാത്തലവികസന മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ‌കൈവരിച്ചത്‌. സമ്പൂർണ വൈദ്യുതീകരണവും 2040 വരെ വൈദ്യുതിക്ഷാമം ഇല്ലാതാക്കാനുള്ള പദ്ധതികളും നടപ്പാക്കി. കൊച്ചി–-മംഗലാപുരം പ്രകൃതിവാതക പൈപ്പുലൈൻ സ്ഥാപിച്ചുവെന്നും എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top