തെരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷത്തിന്റെ നെഞ്ചിടിപ്പ് ഉച്ചാവസ്ഥയിലാണ്. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അവർക്കും ബോധ്യപ്പെട്ടു. അതോടെ സ്ഥലജല ഭ്രമത്തിലായി പ്രതിപക്ഷ നേതാക്കൾ. ജനങ്ങൾക്ക് എൽഡിഎഫിനെ മാത്രമാണ് വിശ്വാസം. ജീവിതപ്രശ്‌നങ്ങളിൽ ഒപ്പംനിൽക്കുന്ന മുന്നണിയെന്ന് സാധാരണക്കാർ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് സ്ഥിതിഗതികളെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ‘ദേശാഭിമാനി’ യോട്.
ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചർച്ചാവിഷയം?
നാളെയുടെ കേരളമാണ് മുഖ്യചർച്ചയാകേണ്ടത്. അത് ഒഴിവാക്കാൻ ആസൂത്രിത ഗൂഢാലോചനയുണ്ടാകുന്നു. കാലികപ്രസക്തമല്ലാത്ത കാര്യങ്ങളുയർത്തി വിവാദസൃഷ്ടിക്കാണ് ശ്രമം. അതുയർത്തുന്നവർക്ക് കാര്യമായ പ്രയോജനമുണ്ടാകില്ല. അടിസ്ഥാന സൗകര്യ വികസനം, കേന്ദ്ര സഹായ നിഷേധം, സ്വന്തംകാലിൽ നിൽക്കാനുള്ള സംസ്ഥാന പരിശ്രമം തുടങ്ങിയവ ചർച്ചയുടെ കാതലാകേണ്ടതാണ്. അതിനെ പ്രതിപക്ഷം ഭയക്കുന്നു. പുരോഗതി തടയാനായി എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങളോ അത് പരിഹരിക്കാനുള്ള ശ്രമങ്ങളോ അവർ കാണുന്നില്ല. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽമതിയെന്ന മനോഭാവത്തിലാണ് യുഡിഎഫ്.
മൂന്ന് മുന്നണിയുടെ നിലപാടുകൾ?
എൽഡിഎഫ് സർക്കാർ വാഗ്‌ദാനങ്ങളും അഞ്ചുവർഷം നടപ്പാക്കിയതും അക്കമിട്ട് അവതരിപ്പിച്ചു. ഒന്നിൽപ്പോലും പ്രതിപക്ഷത്തിന് എതിർസ്വരമില്ല. വാഗ്‌ദാനങ്ങൾ യാഥാർഥ്യമായെന്നത് അംഗീകരിക്കപ്പെട്ടു. വെല്ലുവിളിക്കാനാകാത്ത നേട്ടങ്ങളുടെ പട്ടികയാണിത്. ജനങ്ങൾ സ്വജീവിതത്തിൽ അനുഭവിച്ചറിഞ്ഞവ. വാക്കുപാലിക്കുന്ന മുന്നണിക്കൊപ്പമാണ് ജനങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഉദാഹരണമാണ്. പ്രതിപക്ഷ അപവാദങ്ങളാകെ ജനം തള്ളുകയായി.
നാടിന്റെ പുരോഗതിയിൽ നെഗറ്റീവ് നിലപാടുകാർ എന്നാണ് പ്രതിപക്ഷം ബ്രാൻഡ് ചെയ്യപ്പെട്ടത്. കേന്ദ്ര ഭരണത്തിന്റെ ഭാഗമെന്നുപറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുവിഹിതം വർധിപ്പിക്കാനായി. അതിൽ രാഷ്‌ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. കേരളത്തിൽ അധികാരത്തിൽ വരാൻ 35 സീറ്റുമതിയെന്ന ഇക്കൂട്ടരുടെ ഗണിതശാസ്‌ത്രം ആർക്കും മനസ്സിലാകുന്നില്ല. ആരു ജയിച്ചാലും ബിജെപി അധികാരത്തിലെത്തുന്ന സ്ഥിതി മറ്റ് സംസ്ഥാനങ്ങളിലുണ്ട്. ആ ഗണത്തിൽ കേരളത്തെ കൂട്ടേണ്ടതില്ല. മതനിരപേക്ഷത ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇവിടെ വിജയപ്രതീക്ഷ വേണ്ടതില്ല.
വോട്ടുകച്ചവടം ഇത്തവണയും പ്രതീക്ഷിക്കുന്നുവോ?
യുഡിഎഫ്–-ബിജെപി വോട്ടുകച്ചവടം ഉറപ്പാണ്. 35 സീറ്റിന്റെ ഗണിതശാസ്‌ത്രവും കൂട്ടിവായിക്കണം. സിപിഐ എമ്മിനായി ബിജെപി -വോട്ടുമറിച്ചുവെന്ന വിവാദസൃഷ്ടി ചിലതെല്ലാം മറച്ചുവയ്‌ക്കാനാണ്. ഇത് നടക്കാത്ത കാര്യമാണെന്ന് കൊച്ചുകുട്ടികൾക്കുവരെ അറിയാം. കുറച്ചുകാലമായിട്ടാണ് ബിജെപി സ്വന്തം ചിഹ്നത്തിൽ വോട്ടുചെയ്യുന്നത്. മുമ്പ് ആർക്കൊക്കെയാണ് വോട്ട് ചെയ്‌തിട്ടുള്ളതെന്ന് കെ ജി മാരാർ ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാരാർ വിവരിച്ച തരത്തിലുള്ള മുന്നണി, അതിന്റെ സ്ഥാനാർഥികൾ, ചില സ്വതന്ത്ര സ്ഥാനാർഥികൾ, അവർക്കൊക്കെ എത്ര വോട്ട് കിട്ടി തുടങ്ങിയവ തെരഞ്ഞെടുപ്പ് രേഖകളിലും ലഭ്യമാണ്. പ്രബല നേതാവ് ഒ രാജഗോപാലും കമ്യൂണിസ്റ്റുകാരെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി. കോൺഗ്രസ് വോട്ട് വാങ്ങിയാണ് നേമത്ത് ജയിച്ചതെന്ന് അദ്ദേഹം കട്ടായം പറയുന്നു. ഇതൊക്കെ നിലനിൽക്കെ, കേരള രാഷ്‌ട്രീയത്തിൽ താരതമ്യേന പരിചയക്കുറവുള്ള ബാലശങ്കർ പറഞ്ഞതിനെ മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ല.
നേമത്തിന്റെ സാധ്യതകൾ?
യുഡിഎഫ് അനുകൂല വോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് എത്തിയതാണ് ബിജെപി ജയം സൃഷ്ടിച്ചതെന്ന് രാജഗോപാലിലൂടെ വ്യക്തമായി. ഇത്തവണ മാധ്യമങ്ങൾ പറയുന്ന ശക്തിക്കനുസരിച്ച് കോൺഗ്രസ് നേമത്ത് വോട്ടുപിടിച്ചാൽ എൽഡിഎഫിന് വൻവിജയമുണ്ടാകും.
തെരഞ്ഞെടുപ്പ് വിഷയങ്ങളും മാധ്യമങ്ങളും?
കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെയും പ്രചാരണങ്ങളുടെയും കുഴലൂത്തുകാരായി മാധ്യമങ്ങൾ. മനുഷ്യന്റെ ജീവിതവിഷയങ്ങളേക്കാൾ വലുതായാണ് മാധ്യമങ്ങൾ ഇക്കാര്യങ്ങളെ അവതരിപ്പിക്കുന്നത്. രാഷ്‌ട്രീയത്തിന്റെ പൈങ്കിളിവൽക്കരണത്തിനാണ് ശ്രമം.
തയ്യാറാക്കിയത് -– ജി രാജേഷ് കുമാർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..