KeralaLatest NewsNews

റിസോര്‍ട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ വന്നത് വീട്ടുകാര്‍ അറിയാതെ

തിരുവനന്തപുരം : വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ചസംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തൂത്തുക്കുടി ദിണ്ടിഗല്‍ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ല്‍ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂര്‍ നെഹ്‌റു എയ്‌റോനോട്ടിക് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയുമായ ദിഷ്രിത(21)യെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനത്തില്‍ ശരീരത്തിന് പുറത്ത് മുറിവുകളോ മറ്റു ബലപ്രയോഗത്തിന്റെയോ പാടുകള്‍ കാണാനില്ലെന്നാണ് പറയുന്നത്. അതേസമയം, ആന്തരാവയവ പരിശോധനയുടെ ഫലം കൂടി ലഭ്യമായാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാകൂ എന്നു വര്‍ക്കല ഡി.വൈ.എസ്.പി എന്‍.ബാബുക്കുട്ടന്‍ അറിയിച്ചു.

മകള്‍ ആസ്മ രോഗിയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ അമ്മ മൊഴി പോലീസ് രേഖപ്പെടുത്തി. പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വീട്ടുകാരെ അറിയിക്കാതെയാണ് ഇവര്‍ ഇവിടെഎത്തിയതെന്നാണ് വിവരം. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത് കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം.

വര്‍ക്കലയിലെ ഹെലിപ്പാഡിന് സമീപമുളള റിസോര്‍ട്ടിലാണ് നാല് ആണ്‍കുട്ടികളും ദിഷ്രിതയടക്കം നാല് പെണ്‍കുട്ടികളും താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ദിഷ്രിതയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ മാസം 20 നാണ് ദിഷ്രിതയും ഒരു ആണ്‍കുട്ടിയും റിസോര്‍ട്ടിലെത്തിയത്. മറ്റുളളവര്‍ 17 മുതല്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു.

Related Articles

Post Your Comments


Back to top button