പുണെ
ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം ക്രുണാൾ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും അവിസ്‌മരണീയമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റണ്ണിന് ജയിച്ചപ്പോൾ ക്രുണാളായി താരം. 31 പന്തിൽ 58 റണ്ണും ഒരു വിക്കറ്റും ക്രുണാൾ സ്വന്തമാക്കി. പ്രസീദ് നാല് വിക്കറ്റെടുത്തു. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317 റണ്ണാണ് നേടിയത്. മറുപടിക്കെത്തിയ ഇംഗ്ലണ്ട് തകർത്തടിച്ച് തുടങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. ഇംഗ്ലണ്ട് 42.1 ഓവറിൽ 251ന് തീർന്നു.
318 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ജോണി ബെയർസ്‌റ്റോയും (66 പന്തിൽ 94) ജാസൺ റോയിയും (35 പന്തിൽ 46) മിന്നുന്ന തുടക്കമാണ് നൽകിയത്. 14 ഓവറിൽ 135 റണ്ണാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. എന്നാൽ, റോയിയെ മടക്കി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്‌ണ ഇന്ത്യയെ കളിയിലേക്ക് തിരികെകൊണ്ടുവന്നു. പിന്നാലെ ബെൻ സ്‌റ്റോക്‌സിനെയും (1) ഈ പേസർ മടക്കി. ബെയർസ്‌റ്റോയെ ശർദുൾ താക്കൂറും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. പ്രസീദ് 8.1 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 54 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ശർദുൾ മൂന്നും ഭുവനേശ്വർ കുമാറർ രണ്ടും വിക്കറ്റെടുത്തു.
ഇന്ത്യക്കുവേണ്ടി ക്രുണാളിനൊപ്പം ഓപ്പണർ ശിഖർ ധവാൻ (106 പന്തിൽ 98), ലോകേഷ് രാഹുൽ (43 പന്തിൽ 62), ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി (60 പന്തിൽ 56) എന്നിവരും തിളങ്ങി. രോഹിത് ശർമ 42 പന്തിൽ 28 റണ്ണെടുത്ത് പുറത്തായി. 40.3 ഓവറിൽ അഞ്ചിന് 205 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, ക്രുണാളും രാഹുലും ഒരുമിച്ചതോടെ റണ്ണൊഴുകി. 61 പന്തിൽ 112 റണ്ണാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ക്രുണാൾ രണ്ട് സിക്‌സറും ഏഴ് ഫോറും പറത്തി. രാഹുൽ നാലുവീതം സിക്‌സറും ഫോറും പായിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..