തിരുവനന്തപുരം> സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും, ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയകളിയുടെ ഭാഗമാകുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് സ്പീക്കര്‍ക്കെതിരായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയെന്ന വ്യാജേന കള്ളക്കഥകള്‍ പുറത്തുവിടുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
സ്വര്‍ണ്ണക്കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനല്ല അന്വേഷണ ഏജന്‍സികള്‍ ശ്രമിയ്ക്കുന്നത്. സ്വര്‍ണ്ണം അയച്ചവരേയും, അത് സ്വീകരിച്ചവരേയും കണ്ടെത്താനോ, ചോദ്യം ചെയ്യാനോ അന്വേഷണ സംഘത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ ഗൂഢാലോചനകള്‍ ആസൂത്രണം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമയം ചെലവഴിക്കുന്നത്.
നിയമസഭാ ഏകകണ്ഠേന പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അതിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും, അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇ.ഡി ശ്രമിക്കുന്നത്. ഇത് കേരളീയ സമൂഹം അനുവദിക്കില്ല. എന്‍.ഐ.എ അന്വേഷിച്ച് സമര്‍പ്പിച്ച 1000 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെടാത്ത കാര്യങ്ങളും, കഴിഞ്ഞ 6 മാസം വിശദമായി അന്വേഷിച്ചിട്ടും ലഭ്യമാകാത്ത കാര്യങ്ങളുമാണ് ഇപ്പോള്‍ പ്രതികളുടെ മൊഴിയെന്ന പേരില്‍ പുറത്തുവരുന്നത്.
ഇതിനകം 8 മൊഴികള്‍ പ്രതികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിലൊന്നുമില്ലാത്ത കാര്യങ്ങളാണ് ഒമ്പതാമത്തെ മൊഴിയില്‍ ഉള്ളതായി പറയപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ പ്രതികളെ കൊണ്ട് കള്ളമൊഴികളുണ്ടാക്കി സര്‍ക്കാരിനേയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തേയും അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് സിപിഐ എം തയ്യാറാകും.
നിയമസഭാ സ്പീക്കര്‍ ഈ വിഷയത്തിലേക്ക് കടന്നുവരുന്നത്, ഇ.ഡിയ്ക്കെതിരെയുള്ള അവകാശലംഘന നോട്ടീസ് നിയമസഭാ സമിതിയ്ക്ക് പരിശോധനയ്ക്ക് വിട്ടതോടെയാണ്. അതിന് മുമ്പ് ഒരു ഘട്ടത്തിലും ഒരു അന്വേഷണ ഏജന്‍സിയും സ്പീക്കറെ സംബന്ധിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ല. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ആക്ഷേപം വന്നപ്പോള്‍ അതിന്റെ അന്വേഷണത്തിന്റെ പേരില്‍ കേരളത്തിലെ ലൈഫ് ഭവന പദ്ധതികളുടെ മുഴുവന്‍ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കകം ഹാജരാക്കണമെന്ന ഇ.ഡിയുടെ നോട്ടീസിനെതിരെയാണ് അവകാശലംഘന പ്രശ്നം ഉയര്‍ന്നുവന്നത്. ഈ അവകാശലംഘന നോട്ടീസ്, നിയമസഭയുടെ അവകാശങ്ങളും കേരളത്തിന്റെ ഉത്തമ താല്‍പര്യവും കണക്കിലെടുത്ത് സ്പീക്കര്‍ പ്രിവിലേജ് കമ്മിറ്റിയ്ക്ക് വിട്ടു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞത്.
തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം നടപ്പിലാക്കാനായി ഏത് ഭരണഘടനാ സ്ഥാപനത്തേയും അപമാനിക്കാനും വരുതിയിലാക്കാനും തയ്യാറാകുമെന്നതിന്റെ ലക്ഷണമാണിത്.
അന്വേഷണ ഏജന്‍സികള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ആരായാനുണ്ടെങ്കിലോ, സംശയം ദൂരീകരിക്കാനുണ്ടെങ്കിലോ നിയമസഭയുടെ അധ്യക്ഷനോട് പ്രാഥമികമായെങ്കിലും അക്കാര്യങ്ങള്‍ ചോദിക്കുകയാണ് വേണ്ടതെന്ന് രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.ജെ കുര്യന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതൊന്നും പരിഗണിക്കാതെ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് ഇടപെടുകയാണ് ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ചതായി പറയപ്പെടുന്ന എല്ലാ രഹസ്യ സത്യവാങ്മൂലങ്ങളും, രേഖകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പ് ഘട്ടത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളായ കസ്റ്റംസ്സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ്സ് എന്നിവയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയുള്ളതാണെന്ന് വ്യക്തമാകും. യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് സമാനമായ പ്രചരണമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഇത്തരത്തില്‍ പുറത്തുവരുന്ന കെട്ടിച്ചമച്ച
ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് കേരളത്തിലെ ബഹുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..