ഫറോക്ക്
എൽഡിഎഫിനെ തുടർഭരണത്തിലേറ്റി കേരളം വീണ്ടും ചരിത്രം രചിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 1957-ൽ ആദ്യ കമ്യൂണിസ്‌റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയ നാട് രാജ്യത്തിന് ഒരിക്കൽ കൂടി വഴികാട്ടിയാകും. ബദൽ നയങ്ങളും നടപടികളുമായി ഇന്ത്യയ്‌ക്ക് മാതൃകയായ എൽഡിഎഫ് സർക്കാർ തുടരേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ആവശ്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ, കോർപറേറ്റ് അനുകൂല നവഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാകും ഏപ്രിൽ ആറിന്റെ ജനവിധിയെന്നും- മണ്ണൂർ വളവിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്‌ത് യെച്ചൂരി പറഞ്ഞു.
ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ ഭരണഘടനയുമേന്തി രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ജനങ്ങൾ. അവർക്ക് ശക്തിപകർന്നത് എൽഡിഎഫാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പോരാടുന്നവർക്കാകെ ആവേശമാണ് കേരളത്തിലെ സർക്കാർ. പൗരത്വ ഭേദഗതി നിയമവും കർഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന് ഈ സർക്കാർ ആർജവത്തോടെ പ്രഖ്യാപിച്ചു. മുസ്ലിമായും ഹിന്ദുവായും മത–-ജാതികളായുമല്ല, മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണിതെന്ന് അഞ്ചുവർഷ ഭരണം തെളിയിച്ചു. ആ മാതൃക സംരക്ഷിക്കണം.
സാമ്പത്തിക ഭദ്രത തകർത്തും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർത്തും ഹിന്ദുരാഷ്ട്ര നിർമിതി ലക്ഷ്യമിടുകയാണ് ബിജെപി സർക്കാർ. എന്നാൽ വെറുപ്പും വിദേഷവുമല്ല മനുഷ്യത്വമാണ് വളർത്തേണ്ടതെന്ന് കാണിച്ചുതന്ന സർക്കാരാണിത്. ഈ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുമായി കൈകോർക്കുകയാണ് കോൺഗ്രസ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ദുർബലമാക്കാൻ അവസരവാദ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ് രാജ്യത്താകെ ദുർബലമാണ്. എല്ലാവരും ബിജെപിയാകുന്ന കോൺഗ്രസിലല്ല, ഇടതുപക്ഷത്തിലാണ് നാടിന്റെ ഭാവിപ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു. യോഗത്തിൽ വി കെ സി മമ്മദ്‌കോയ എംഎൽഎ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..