കോഴിക്കോട്
ഇഞ്ചിക്കൃഷിയിൽ സമ്പാദിച്ച പണമാണ് ആഡംബര വീട് നിർമാണത്തിന് ഉപയോഗിച്ചതെന്ന കെ എം ഷാജി എംഎൽഎയുടെ വാദം പൊളിയുന്നു. ഷാജിയുടെ ഇഞ്ചികൃഷിയിലെ ‘ലാഭം’ ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടില്ല. വയനാട്ടിലെ കൃഷിഭൂമിയിൽനിന്ന് പ്രതിവർഷം 75,000 രൂപ കിട്ടുന്നുണ്ടെന്ന ഷാജിയുടെ മൊഴിയും സംശയനിഴലിലാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതനുസരിച്ച് 2011നും 2020നുമിടയിൽ ആകെ 3.13 ലക്ഷം രൂപ മാത്രമാണ് ഷാജിയുടെ കാർഷിക വരുമാനം.
സഹോദരി ഭർത്താവ് ഹംസയ്‌ക്കൊപ്പം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ടെന്നും വലിയ ലാഭമുണ്ടെന്നുമായിരുന്നു അനധികൃത സ്വത്ത് ആരോപണം വന്നതുമുതൽ ഷാജി അവകാശപ്പെട്ടിരുന്നത്. കോടിക്കണക്കിന് രൂപ ഈയിനത്തിൽ തനിക്കുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ പൊളിഞ്ഞത്. 2016–-17 സാമ്പത്തികവർഷം മുതലാണ് ഷാജി ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ തുടങ്ങിയത്. ഈ കാലത്തൊന്നും ഇഞ്ചികൃഷിയിലെ വരുമാനം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. 75,000 രൂപ കൃഷിയിലൂടെ പ്രതിവർഷം ലഭിക്കുന്നുവെന്ന വാദവും വിജിലൻസ് വിശ്വസിച്ചിട്ടില്ല. വിശദമായി പരിശോധനയിലൂടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാവൂവെന്ന് വിജിലൻസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..