തിരുവനന്തപുരം
ക്ഷയരോഗനിരക്ക് കുറച്ചുകൊണ്ടുവന്ന പ്രദേശങ്ങൾക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ അവാർഡ് കേരളത്തിന്. സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് ഈ അവാർഡിന് അർഹമായത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി അഞ്ച് വർഷംകൊണ്ട് 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായി കേന്ദ്രസർക്കാരിന്റെ വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ എന്നിവയിൽ നിന്നുള്ള 26 അംഗ വിദഗ്ധസംഘം എറണാകുളം, മലപ്പുറം, കാസർകോട്, കൊല്ലം ജില്ലകൾ സന്ദർശിച്ച് വിലയിരുത്തിയാണ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
സ്വകാര്യ മേഖലയിലെ ഡോക്ടർമാരുമായും മെഡിക്കൽ ഷോപ്പുകളുമായും ചർച്ചകൾ നടത്തി.സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ആരോഗ്യവകുപ്പ് നടപ്പാക്കിയ "എന്റെ ക്ഷയരോഗ മുക്തകേരളം' പദ്ധതിയുടെ കീഴിൽ "അക്ഷയ കേരളം' ഉൾപ്പെടെ മാതൃകാപരമായ പദ്ധതികളിലൂടെയാണ് കേരളത്തിൽ ക്ഷയരോഗനിവാരണം സാധ്യമായത്.
തുടർച്ചയായി 12 മാസം അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തിനെയും ക്ഷയരോഗ ചികിത്സ ഇടക്കുവച്ചു നിർത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശത്തെയും ഡ്രഗ് റെസിസ്റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനത്തെയും കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..