23 March Tuesday

യുഡിഎഫും തൃണമൂലും ജയിച്ചാല്‍ വിലയ്ക്ക് വാങ്ങാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ: സുഭാഷിണി അലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 23, 2021

എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിന്ചിഹ്നമായ ഫുട്ബാള്‍ സുഭാഷിണി അലി തട്ടി കൊടുക്കുന്നു. ഫോട്ടോ സുനോജ്നൈനാന്‍ മാത്യു

കൊച്ചി > ജനങ്ങള്‍ വോട്ട് ചെയ്യാതെ തന്നെ അധികാരത്തില്‍ എത്താമെന്നാണ് ബിജെപി കരുതുന്നതെന്ന്  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. യുഡിഎഫും   തൃണമൂല്‍ കോണ്‍ഗ്രസുമൊക്കെ ജയിച്ചു വന്നാല്‍ എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങാമെന്ന സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ബിജെപിയുടെ ഈ പ്രതീക്ഷ. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ തലയില്‍ താമര ഒളിപ്പിച്ചാണ് നടക്കുന്നത്. അവര്‍ ഏത് നിമിഷവും ബിജെപിയില്‍ ചേരാം. നിരവധി തവണ നാം അത് കണ്ടതാണ്. --  എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.

ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അജണ്ട വികസനമല്ല;  മറിച്ച് മനുസമൃതിയാണ്.  കേരളത്തിലെ സാഹചര്യങ്ങള്‍ അല്ല യുപി പോലുള്ള സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. ആദിത്യ നാഥിന്റെ നാട്ടില്‍ സ്ത്രീകളും പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയാകുകയാണ്. ദളിത് പെണ്‍കുട്ടിയെ ഉന്നത കുലജാതന്‍ പീഡിപ്പിച്ചാല്‍ ഭരണകൂടം ഉന്നത കുലജാതനൊപ്പം നിലകൊള്ളുന്ന കാഴ്ചയാണ് അവിടെ.  

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ വന്‍ പരാജയമാണ്. അതേസമയം  കേരളത്തില്‍ ഓരോ ഗ്രാമത്തിലും ഹൈടെക് സ്‌കൂളുകളും മികച്ച സര്‍ക്കാര്‍ ആശുപത്രികളും ഉണ്ട്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓഖിയോ നിപ്പയോ പ്രളയമോ കൊവിഡോ ഇല്ലാതിരുന്നിട്ടു പോലും അവര്‍ക്ക് ജങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല  റേഷന്‍ കടകളില്‍ മൂന്ന് ഇനം സാധനങ്ങള്‍ പോലും തികച്ച് കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.  അതേസമയം പിണറായി വിജയന്‍ സര്‍ക്കാര്‍  എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റേഷന്‍ കടകള്‍ വഴി 14 ഇനം സാധനങ്ങളടക്കം ജങ്ങള്‍ക്ക് നല്‍കി.

2015ല്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ ജങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറമുള്ള ബാങ്കുകളിലേക്ക് പോകേണ്ടി വന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത് 1600 രൂപയാക്കി വീട്ടില്‍ എത്തിച്ചു നല്‍കി. പാചക വാതകത്തിന്റെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടമ്മമാര്‍ക്ക് 2000 രൂപ പെന്‍ഷന്‍ നല്‍കിയാല്‍ അത് വളരെ ഉപകാര പ്രദമാണ്.

കേരളത്തിലെ പെണ്‍പടയെ ലോകം മുഴുവന്‍ അറിയുന്നതിന് കാരണം മികച്ച ആരോഗ്യ മന്ത്രിയായ കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായി കോവിഡിനെ നേരിട്ടതിനാലാണ്.  കേരളം ശാസ്ത്രീയമായി കോവിഡിനെ നേരിട്ടപ്പോള്‍ കേന്ദ്രം അന്ധവിശ്വാസം കൊണ്ട് പാത്രം കൊട്ടിയാണ് കോവിഡിനെ തുരത്താന്‍ ശ്രമിച്ചത്.

എറണാകുളം ജില്ലയിലെ ഗാന്ധിനഗറിലും തൃപ്പൂണിത്തുറയിലും കടുങ്ങല്ലൂരിലും വടക്കേക്കര പഞ്ചായത്ത് ഓഫീസിന് സമീപത്തും ശ്രീമൂല നഗരം ജങ്ഷനിലും നടന്ന പൊതുയോഗങ്ങളില്‍ സുഭാഷിണി അലി സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top