23 March Tuesday

വില കൂട്ടുന്നത്‌ സർക്കാരല്ലെന്ന നുണ പൊളിയുന്നു; തെരഞ്ഞെടുപ്പായപ്പോൾ മാറ്റമില്ലാതെ ഇന്ധനവില

സന്തോഷ്‌ ബാബുUpdated: Tuesday Mar 23, 2021

കൊച്ചി> കഴിഞ്ഞ 24 ദിവസമായി രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. നിത്യചടങ്ങായിരുന്ന ഇന്ധനവില കൂട്ടലിന് നിയമസഭാ  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കടിഞ്ഞാൺ വീണത്. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സർക്കാരല്ല എന്ന കേന്ദ്രത്തിന്റെയും ബിജെപി നേതാക്കന്മാരുടെയും വാദം ഇതോടെ പൊളിയുന്നു.

ഓരോ ദിവസവും ഇന്ധനവില കൂട്ടുമ്പോൾ എണ്ണക്കമ്പനികൾ ന്യായം പറഞ്ഞത്‌ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടി എന്നാണ്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ കൂടിയിട്ടും എന്തുകൊണ്ട്  ഇന്ധനവില കൂട്ടുന്നില്ലെന്ന ചോദ്യമുയരുന്നു. ലോക്‌ഡൗണ്‍ കാലത്ത് എണ്ണവില 20 ഡോളറിലേക്ക് താഴ്ന്നപ്പോള്‍പോലും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ്‌ എണ്ണവില മാറ്റംവരുത്താതെ നിലനിർത്തുന്നത്‌. വോട്ടെടുപ്പിനു ശേഷം വൻ വിലവർധനവിനും ഇതോടെ സാധ്യത തെളിയുന്നു.

ഫെബ്രുവരിയില്‍ തുടർച്ചയായി 12 ദിവസം വില കൂട്ടി. പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയുമാണ് കൂട്ടിയത്. വില കൂട്ടാൻ തുടങ്ങിയ ഫെബ്രുവരി നാലിന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന്‌ 58.98 ഡോളറും സംസ്ഥാനത്ത് പെട്രോള്‍ വില 88.53 രൂപയുമായിരുന്നു. ഫെബ്രുവരി 27ന് അന്താരാഷ്ട്ര വില 65.86 ഡോളറായി ഉയർന്നു. സംസ്ഥാനത്ത് പെട്രോൾ വില 24 പൈസ കൂട്ടി 93.05 രൂപയും ഡീസലിന് 16 പൈസ കൂട്ടി 87.53 രൂപയുമാക്കി.



എന്നാല്‍, ഫെബ്രുവരി 26ന്‌ തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം മാർച്ച്‌ അഞ്ചിന് അന്താരാഷ്ട്ര എണ്ണവില 69.95 ഡോളറായി ഉയർന്നിട്ടും വില കൂട്ടിയില്ല. ഏഴിന് സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് ഡോൺ ആക്രമണത്തെത്തുടർന്ന് വില വീണ്ടും കൂടിയിട്ടും ഇവിടെ  വിലയില്‍ മാറ്റമുണ്ടായില്ല.



2018ൽ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 19 ദിവസവും 2017ൽ ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ദിവസവും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആഴ്ചകളോളവും വില കൂട്ടിയില്ല. വോട്ടെടുപ്പിന്‌‌ പിറ്റേന്നുമുതല്‍ ഒമ്പതുദിവസം വില കൂട്ടി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ദിവസം പാചകവാതക വില കൂട്ടല്‍ നീട്ടിവച്ചു. വോട്ടെടുപ്പ് കഴിഞ്ഞ്‌ 146 രൂപ കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top