തിരുവനന്തപുരം > അഭിപ്രായ സർവേകളെല്ലാം എൽഡിഎഫ് തുടർഭരണം പ്രവചിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് വിഭ്രാന്തി പിടിപെട്ടെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എ കെ ജി ദിനത്തിൽ എ കെ ജി പാർക്കിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ സർവേകൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ചെന്നിത്തല. ഫലം എൽഡിഎഫിന് അനുകൂലമായപ്പോൾ അവയെല്ലാം അദ്ദേഹത്തിന് പെയ്‌ഡ് സർവേയായി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചില സർവേകൾ യുഡിഎഫിന് 20–-20 പ്രവചിച്ചപ്പോൾ കൊട്ടിഘോഷിച്ച ചെന്നിത്തലയാണ് ഇപ്പോൾ സർവേകൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. എൽഡിഎഫിന് തുടർഭരണമെന്നത് ജനാഭിലാഷമാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനും തുടർഭരണമാണ് വരാൻ പോകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കള്ളവോട്ട് ആരോപണവുമായി ഇക്കുറിയും കോൺഗ്രസ് രംഗത്തുണ്ട്. കമീഷൻ പ്രസിദ്ധീകരിക്കുംമുമ്പ് ചെന്നിത്തല പ്രസിദ്ധീകരിച്ച വോട്ടർപട്ടിക എങ്ങനെ ഔദ്യോഗികമാകും.
ചെന്നിത്തല ചൂണ്ടിക്കാട്ടിയ കള്ളവോട്ടിൽ സൂചിപ്പിക്കുന്ന വ്യക്തിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട് വോട്ട് ചേർത്തത് കോൺഗ്രസുകാരാണെന്ന്. പട്ടികയിൽ എത്ര ഇടങ്ങളിൽ പേരുണ്ടായാലും ഒരാൾക്ക് ഒരു വോട്ടേ ചെയ്യാനാകൂ എന്നത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു..
കോൺഗ്രസിലെ മത്സരം പ്രതിപക്ഷ നേതാവാകാൻ
പരാജയം ഉറപ്പായപ്പോൾ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ്. ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവാകാൻ ഉമ്മൻചാണ്ടിയും സ്ഥാനം നിലനിർത്താൻ ചെന്നിത്തലയും പോരാട്ടത്തിലാണ്. ഇത് പി സി ചാക്കോതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
നേമം മോഡലിന്*വട്ടിയൂർക്കാവിലും ശ്രമം
കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകിയ നേമം മോഡൽ ഇക്കുറി വട്ടിയൂർകാവിൽ പരീക്ഷിക്കാനാണ് കോൺഗ്രസ് നീക്കം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയെയാണ് കോൺഗ്രസ് വട്ടിയൂർകാവിൽ നിർത്തിയിരിക്കുന്നത്. ഇത് ബിജെപിക്ക് വോട്ടുമറിക്കാനാണ്. പ്രത്യുപകാരം തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയിൽനിന്ന് സ്വീകരിക്കാനുമാണ് നീക്കം. നേമത്ത് എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. കെ മുരളീധരനെ നിർത്തിയത് എൽഡിഎഫിന് കിട്ടേണ്ട കുറച്ച് വോട്ടെങ്കിലും പിടിച്ച് ബിജെപിയെ സഹായിക്കാനാകുമോ എന്ന് നോക്കിയാണ്. ഇതൊന്നും ഈ തെരഞ്ഞെടുപ്പിൽ ചെലവാകില്ലെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..