കോഴിക്കോട് > തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിരാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടിയുടെ വോട്ട് യുഡിഎഫ് സ്വീകരിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി എം എ സലാം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി വെൽഫെയർ പാർടിയുമായി ധാരണയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെങ്കിലും അവരുടെ വോട്ട് സ്വീകരിക്കും. വെൽഫെയർ പാർടി രാഷ്ട്രീയ ശത്രുക്കളാണെന്ന അഭിപ്രായമില്ലെന്നും ലീഗ് നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായി സഖ്യമില്ലെന്നുമാത്രമാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ധാരണയില്ലെന്നല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയാണ് അവരുടെ നിലപാട് പറയേണ്ടത്. സംസ്ഥാനത്ത് തുടർഭരണമുണ്ടാകുമെന്ന സർവേകൾ പെയ്‌ഡ് സർവേകളാണ്. എലത്തൂരിലെ കോൺഗ്രസ് തർക്കം യുഡിഎഫിന് ഗുണം ചെയ്യില്ല.
ജനറൽ സെക്രട്ടറി ചുമതല തനിക്ക് നൽകിയതിൽ ലീഗിൽ അഭിപ്രായ വ്യത്യാസമില്ല. പാർടിക്കകത്ത് ചിലർ പറഞ്ഞിട്ടുണ്ടാകും. അല്ലാതെ പാണക്കാട് തങ്ങളോട് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം ചുമതല മാറ്റുമോ എന്നറിയില്ല. പാണക്കാട് തങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും സലാം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..