KeralaLatest News

തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗണ്‍മാന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി, വൻ അപകടം ഒഴിവായി

തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗണ്‍മാന്റെ കൈത്തോക്കിനു തകരാറുണ്ടാകുകയും ഇദ്ദേഹവും കലക്ടറുടെ ഗണ്‍മാനും ചേര്‍ന്ന് ഇതു പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കണ്ണൂര്‍: കലക്ടറേറ്റില്‍ തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആളൊഴിഞ്ഞ മുറിയില്‍ നിലത്തേക്ക് വെടിയുതിര്‍ന്നതിനാല്‍ അപകടം ഒഴിവായി. തോക്കിനുണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതായാണ് വിവരം. ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്. ഇരുവരെയും താല്‍ക്കാലികമായി ഗണ്‍മാന്റെ ഡ്യൂട്ടിയില്‍ നിന്നു മാറ്റിയിട്ടുണ്ട്. സംശയിക്കേണ്ടതായ മറ്റു കാര്യങ്ങളൊന്നും ഈ സംഭവത്തിലില്ല.

പെട്ടെന്നുണ്ടായ പരിഭ്രാന്തി മാറുന്നതിനു വേണ്ടി സംഭവത്തില്‍ ഉള്‍പ്പെട്ട 2 ഗണ്‍മാന്മാരെയും ഡ്യൂട്ടിയില്‍ നിന്നു താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്. ഇതു ശിക്ഷാനടപടി അല്ലെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ വ്യക്തമാക്കി. തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗണ്‍മാന്റെ കൈത്തോക്കിനു തകരാറുണ്ടാകുകയും ഇദ്ദേഹവും കലക്ടറുടെ ഗണ്‍മാനും ചേര്‍ന്ന് ഇതു പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നതായാണു പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

വിദഗ്ധ പരിശോധനയ്ക്കായി ഈ തോക്ക് എആര്‍ ക്യാംപില്‍ എത്തിച്ചിട്ടുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തോക്കിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് എങ്ങനെ പരിഹരിക്കാമെന്ന പരിശീലനം സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നതാണെന്നും അതനുസരിച്ചു പ്രശ്‌നം പരിഹരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഗണ്‍മാന്മാരുടെ ഭാഗത്തു നിന്നു വീഴ്ച എന്തെങ്കിലും സംഭവിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. അതേസമയം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നാണു പ്രാഥമിക അന്വേഷണത്തില്‍ നിന്നു മനസ്സിലായത്.

Related Articles

Post Your Comments


Back to top button