ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സാക്ഷികളെ കോടതിമുറിയിൽ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ഹാഥ്‌രസ് പ്രത്യേക കോടതി മുമ്പാകെ ഹാജരായ സാക്ഷികളെ കോടതിമുറിയിൽ അതിക്രമിച്ച് കയറിയാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. ഇരയുടെ അഭിഭാഷക സീമ ഖുശ്‌വാഹയ്‌ക്കും ഭീഷണിയുണ്ട്. ഇരയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാജഡ്‌ജിയും ലഖ്‌നൗ സെൻട്രൽ സെക്‌റ്റർ സിആർപിഎഫ് ഇൻസ്‌പെക്ടർ ജനറലും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. വിചാരണ ഹാഥ്‌രസിന് പുറത്തേക്ക് മാറ്റിയേക്കുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. ഈ ആവശ്യം ഉന്നയിച്ച് സിബിഐയും ഉടൻ അപേക്ഷ സമർപ്പിച്ചേക്കും.
മാർച്ച് അഞ്ചിന് വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ മദ്യപിച്ചെത്തിയ തരുൺ ഹരിശർമ എന്ന അഭിഭാഷകൻ കോടതിമുറിയിലേക്ക് ഇരച്ചുകയറി അഭിഭാഷകയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വലിയ ആൾക്കൂട്ടം കോടതിക്കുള്ളിൽ കടന്ന് അഭിഭാഷകയെയും സാക്ഷികളെയും വളഞ്ഞു. ഭീഷണിപ്പെടുത്തലും ആക്രോശങ്ങളും കാരണം വിചാരണനടപടികൾ തടസ്സപ്പെട്ടു. ഈ സംഭവത്തിനുശേഷം ഇരയുടെ അഭിഭാഷക കോടതിയിൽ ഹാജരായിട്ടില്ല.
കഴിഞ്ഞ സെപ്‌തംബർ 14നാണ് ഹാഥ്‌രസിൽ പത്തൊമ്പതുകാരിയെ മേൽജാതിക്കാരായ നാലുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സെപ്‌തംബർ 29ന് ഡൽഹിയിലെ സഫ്‌ദർജങ് ആശുപത്രിയിൽ മരിച്ചു. ഉത്തർപ്രദേശ് പൊലീസ് ബന്ധുക്കളെ കാണിക്കാതെ അർധരാത്രി പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..