22 March Monday

3.2 കോടി ഇടത്തരക്കാർ താഴേക്കുവീണു ; ദിവസവരുമാനം 150 രൂപയിൽ കുറവുള്ള ദരിദ്രരുടെ എണ്ണം 7.5 കോടി വർധിച്ച്‌ 
13.4 കോടിയായി

വെബ് ഡെസ്‌ക്‌Updated: Monday Mar 22, 2021


ന്യൂഡൽഹി
കോവിഡും ലോക്ക്ഡൗണും ഇന്ത്യയിലെ  3.2 കോടി പേരെ ഇടത്തരം വിഭാഗത്തിൽനിന്ന്‌ താഴോട്ടാക്കിയെന്ന്‌ അമേരിക്കയിലെ പ്യൂ റിസർച്ച്‌ ഫൗണ്ടേഷൻ പഠനറിപ്പോർട്ട്‌. കോവിഡിനുമുമ്പ്‌ രാജ്യത്ത്‌ 9.9 കോടി ആളുകളാണ്‌ ഇടത്തരക്കാരായി ഉണ്ടായിരുന്നത്‌.  ഇതിൽ മൂന്നിലൊന്നോളം പേർ താഴ്‌ന്ന വരുമാനക്കാരായി മാറി. ദിവസം 150 രൂപയിൽ കുറവ് വരുമാനമുള്ള ദരിദ്രരുടെ എണ്ണം 7.5 കോടി വർധിച്ച്‌ ഇരട്ടിയിലധികമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ദരിദ്ര വിഭാഗത്തിൽ ആറുകോടിയോളം ആളുകളുണ്ടായിരുന്നത്‌ 13.4 കോടിയായാണ്‌ വർധിച്ചത്‌. ആഗോള ദാരിദ്ര്യ വർധനയിൽ 60 ശതമാനത്തോളം വരും ഇന്ത്യയിലെ വർധന. മറ്റ്‌‌ ചില രാജ്യാന്തര ഏജൻസികളുടെ കണക്കനുസരിച്ച്‌ 25 കോടിയോളമാണ്‌ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം.

പ്രതിദിനം 750 രൂപയ്‌ക്കും 1,500 രൂപയ്‌ക്കും മധ്യേ വരുമാനമുള്ളവരെയാണ് പ്യൂ റിപ്പോർട്ടിൽ‌ ഇടത്തരക്കാരായി പരിഗണിച്ചത്‌.  2011നും 2019നും ഇടയിൽ രാജ്യത്ത്‌ 5.7 കോടി പേർ  ഇടത്തരം വരുമാനമുള്ളവരായി മാറി. ഇവരിൽ വലിയ പങ്കിനെ കോവിഡും സാമ്പത്തികമാന്ദ്യവും തകർത്തു. ‌ചൈനയിൽ ഒരു കോടി ഇടത്തരക്കാരെയാണ്‌ കോവിഡ്‌ പ്രതിസന്ധി ബാധിച്ചത്‌.

ഇന്ധനവിലയിലെ വർധനയും തൊഴിൽനഷ്ടവും കോടിക്കണക്കിന്‌ ഇന്ത്യക്കാരെ വിദേശരാജ്യങ്ങളിൽ തൊഴിൽ തേടാൻ നിർബന്ധിതരാക്കും. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായത്‌ സമ്പദ്‌ഘടനയുടെ തിരിച്ചുവരവിനെ ബാധിക്കും. നടപ്പുവർഷം ഇന്ത്യയുടെ ജിഡിപിയിൽ 9.6 ശതമാനം ഇടിവും ചൈനയിൽ രണ്ട്‌ ശതമാനം വളർച്ചയുമാണ്‌ ലോകബാങ്ക്‌ പ്രവചനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top