22 March Monday

കോൺഗ്രസ്‌ മത്സരിക്കുന്നത്‌ ബിജെപിയാവാൻ: എം എ ബേബി

സ്വന്തം ലേഖകൻUpdated: Monday Mar 22, 2021

കോഴിക്കോട് > കോൺഗ്രസിന്റെ ഇപ്പോഴത്തെ മത്സരം  ബിജെപിയിൽ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്ന്‌‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കോൺഗ്രസ് എംപിമാരും എംഎൽഎമാരും ഇരുട്ടി വെളുക്കുമ്പോഴേക്കും  ബിജെപിയാവുന്ന  കാഴ്‌ചയാണ്‌‌. രാഹുൽഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാൾ കൂടുതൽ പഴയ കോൺഗ്രസ്‌ എംപിമാരിപ്പോൾ മോഡിയുടെ കൂടെയാണ്‌.

കോൺഗ്രസ്‌ വിജയിച്ചാലും ഏത്‌ നിമിഷവും ബിജെപിയാവാമെന്ന അപകടകരമായ അവസ്ഥയാണുള്ളത്–- ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ എൽഡിഎഫ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ബേബി. പലയിടങ്ങളിലും ബിജെപിക്ക്‌ ‌ വോട്ട്‌ മറിച്ച്‌ നൽകാൻ കോൺഗ്രസ്‌ ധാരണയുണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ പ്രത്യുപകാരമാണ്‌ മൂന്നിടങ്ങളിൽ  ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിലൂടെ വെളിപ്പെട്ടത്‌. എന്നാൽ ഇത്തരം വോട്ട്‌ കച്ചവടങ്ങളെ എക്കാലവും എതിർത്ത്‌ പോരുന്ന നിലപാടാണ്‌‌ കേരളം സ്വീകരിച്ചത്‌. 1991 ലെ ബേപ്പൂർ, വടകര മോഡലുകളുടെ അനന്തരഫലം രാഷ്ട്രീയ മാന്യതയില്ലാത്തവർ പാഠമാക്കണം.  ഹിന്ദുത്വ വർഗീയത പ്രചരിപ്പിച്ച്‌ എൻഡിഎ വോട്ട്‌ പിടിക്കാൻ ശ്രമിക്കുമ്പോൾ‌ ന്യൂനപക്ഷ വർഗീയ  കക്ഷികളെ കൂട്ടുപിടിച്ചാണ്  യുഡിഎഫ് എൽഡിഎഫിനെതിരെ മത്സരിക്കുന്നത്‌.

മതവിശ്വാസവും ആചാരസംരക്ഷണവും നിലനിർത്തുന്ന നിലപാടുമായാണ്‌ എൽഡിഎഫ്‌ പ്രവർത്തിക്കുന്നത്‌. മനുഷ്യത്വപരമായ നടപടികൾ സ്വീകരിച്ച എൽഡിഎഫ്‌ തുടർ ഭരണത്തിലേക്ക്‌ പോകും.  2500 രൂപ പെൻഷൻ നൽകുമെന്നാണ്‌ എൽഡിഎഫ്‌ പ്രകടന പത്രികയിൽ പറഞ്ഞത്‌. ഇത്‌ നടപ്പാക്കുക തന്നെ ചെയ്യും. എന്നാൽ യുഡിഎഫ് 3000 രൂപ നൽകുമെന്നാണ്‌ പറയുന്നത്‌. ഇത്‌  നടക്കാൻ പോകുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ തുടങ്ങിയതാണ്‌ ഈ പ്രഖ്യാപന വഞ്ചന. ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top