തിരുവനന്തപുരം
നേമം നിയമസഭാ മണ്ഡലത്തിൽ 2016ൽ ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിച്ചു വിറ്റുവെന്ന് അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി സുരേന്ദ്രൻ പിള്ള. പോളിങ്ങിന് രണ്ട് ദിവസം മുമ്പാണ് കച്ചവടം ഉറപ്പിച്ചത്. യുഡിഎഫ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായത്. പണം വാങ്ങി കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചതിനാലാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്നും സുരേന്ദ്രൻ പിള്ള തുറന്നടിച്ചു.
പോളിങ്ങിന് രണ്ട് ദിവസംമുമ്പേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ചില കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ രാത്രി ബിജെപി നേതാക്കളെത്തിയത് അറിഞ്ഞു. പ്രശ്‌നമാക്കിയാൽ വോട്ടെടുപ്പിനെ ആകെ ബാധിക്കുമെന്നതിനാൽ എല്ലാം സഹിച്ചു. യുഡിഎഫ് നിയോഗിച്ച അന്വേഷണ കമീഷൻ വോട്ട് കച്ചവടം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള നിയമസഭയിൽ ആദ്യമായി ബിജെപി പ്രതിനിധിക്ക് ഇരിപ്പിടം നൽകിയത് നേമത്തെ വോട്ടുകച്ചവടമാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം ആദ്യ യുഡിഎഫ് യോഗത്തിൽ നേമം വോട്ടു കച്ചവടത്തിൽ എം പി വീരേന്ദ്രകുമാർ അന്വേഷണം ആവശ്യപ്പെട്ടു. വി എം സുധീരൻ പിന്തുണച്ചു. കെപിസിസി ട്രഷറർ ജോൺസൺ അബ്രഹാം കൺവീനറായി അന്വേഷണ കമീഷനെ വച്ചു.
കുറ്റക്കാരായ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ, രണ്ട് ഡിസിസി ഭാരവാഹികൾ എന്നിവരെ പുറത്താക്കണമെന്ന് കമിഷൻ റിപ്പോർട്ട് നൽകി. ഇവരിൽ മൂന്നുപേർ അന്ന് രാത്രി ബിജെപി നേതാക്കളെ കണ്ടവരാണ്. റിപ്പോർട്ട് യുഡിഎഫ് ചർച്ച ചെയ്‌തില്ല. സുധീരനും ഒഴിഞ്ഞുമാറി. പാലക്കാട്ടെ തോൽവിയുടെ റിപ്പോർട്ടിനും ഈ ഗതിയാണെന്നും നിങ്ങളുമായി ചേർന്ന് ഒരു തെരഞ്ഞെടുപ്പിലും ഇനി മൽസരിക്കാൻ ഇട വരാതിരിക്കട്ടെ എന്നും യുഡിഎഫ് യോഗത്തിൽ വീരേന്ദ്രകുമാർ പൊട്ടിത്തെറിച്ചു.
ദുർബലനായ സ്ഥാനാർഥിയായതിനാലാണ് വോട്ട് കുറഞ്ഞതെന്ന വാദമുയർത്തുന്നത് വോട്ട് കച്ചവടത്തിൽനിന്ന് രക്ഷപ്പെടാനാണ്. 2006ൽ തിരുവനന്തപുരം മണ്ഡലം എംഎൽഎയും മന്ത്രിയുമായിരുന്നു ഞാൻ. 1984ൽ പുനലൂരിലെ എംഎൽഎയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിക്കാൻ സാധ്യതയുണ്ട്–- സുരേന്ദ്രൻ പിള്ള പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..