-
കൊൽക്കത്ത
മുഹമ്മദൻസിനെ 2–-1ന് തകർത്ത് ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഒരു കളി ശേഷിക്കെ പട്ടികയിൽ ഒന്നാമതാണ് ഗോകുലം. അടുത്ത കളി ജയിച്ചാൽ കിരീടം. പതിനാല് കളിയിൽ എട്ട് ജയമാണ് ഗോകുലം നേടിയത്.
ഡെന്നിസ് ആൻട്‌വിയുടെ ഇരട്ടഗോളിലായിരുന്നു ഗോകുലത്തിന്റെ കുതിപ്പ്. അവസാനഘട്ടത്തിൽ മുഹമ്മദൻസ് ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഗോകുലം വിട്ടുകൊടുത്തില്ല. കളിയുടെ പത്തൊമ്പതാം മിനിറ്റിൽ ഗോകുലം ലീഡ് നേടി. തകർപ്പൻ വോളിയിലൂടെ ഘാനക്കാരൻ ആൻട്‌വി മുഹമ്മദൻസിന്റെ വല തകർത്തു. രണ്ടാംപകുതിക്കുമുമ്പ് ഒരിക്കൽക്കൂടി മുഹമ്മദൻസ് ആൻട്‌വിയുടെ കരുത്തറിഞ്ഞു. 33–-ാം മിനിറ്റിലായിരുന്നു ആ ഗോൾ.
കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെയായിരുന്നു മുഹമ്മദൻസിന്റെ മറുപടി. ഫ്രീകിക്കിലൂടെ സുജിത് സദു ഒരെണ്ണം മടക്കി. സമനില പിടിക്കാൻ മുഹമ്മദൻസ് ആഞ്ഞുശ്രമിച്ചെങ്കിലും ഗോകുലം വിട്ടുകൊടുത്തില്ല. ഗോകുലത്തിനൊപ്പം ചർച്ചിൽ ബ്രദേഴ്‌സ്, ട്രാവു ടീമുകൾക്കും 26 പോയിന്റുണ്ട്. അവസാന മത്സരത്തിൽ ഗോകുലം ട്രാവുവിനെ നേരിടും. ചർച്ചിൽ പഞ്ചാബ് എഫ്‌സിയുമായിട്ട് മത്സരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..