22 March Monday
ഭരണമാറ്റമുണ്ടാകില്ലെന്ന്‌ ‌ 
കെ സുധാകരൻ

ഇരിക്കൂറിൽ എ ഗ്രൂപ്പ് കൺവൻഷൻ ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 21, 2021

ശ്രീകണ്‌ഠപുരം
തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാകണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം പരസ്യമായി തള്ളി ഇരിക്കൂറിൽ എ ഗ്രൂപ്പ്‌ പ്രതിഷേധം കടുപ്പിച്ചു.  ഞായറാഴ്‌ച നടന്ന ഇരിക്കൂർ മണ്ഡലം കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ ഉൾപ്പെടെയുള്ളവർ ബഹിഷ്‌കരിച്ചു. നേരത്തെ എ ഗ്രൂപ്പ്‌ കൺവൻഷൻ  ഭാവികാര്യങ്ങൾ തീരുമാനിക്കാൻ നിശ്‌ചയിച്ച  15 അംഗ കമ്മിറ്റിയുടെ കൺവീനറും  ഡിസിസി വൈസ്‌ പ്രസിഡന്റുമായ മുഹമ്മദ്‌ ബ്ലാത്തൂർ, ഡിഡിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, ചാക്കോ പാലയ്‌ക്കലോടി തുടങ്ങിയവരും ബഹിഷ്‌ക്കരിച്ചു. യുഡിഎഫ്‌ ജില്ലാ ചെയർമാനായ‌ പി ടി മാത്യു പങ്കെടുത്തു‌. കൺവൻഷനിൽ പങ്കെടുത്ത ചിലർ പ്രചാരണത്തിൽ ഉണ്ടാകില്ലെന്ന്‌ പ്രഖ്യാപിച്ചു.   

ബ്ലോക്ക്‌, മണ്ഡലം, ബൂത്ത്‌ പ്രസിഡന്റുമാരായ ഭൂരിഭാഗം  എ ഗ്രൂപ്പുകാരുംവിട്ടുനിന്ന ‌ കൺവൻഷനിൽ പങ്കെടുത്തത്‌ ഏറെയും പുറത്തുനിന്നുള്ളവരാണ്‌ കൺവൻഷനിലെത്തിയവരിലേറെയെന്നും എ  ഗ്രൂപ്പ്‌ ആരോപിച്ചു.  എഐസിസി സെക്രട്ടറി പി വി മോഹനൻ,  കെപിസിസി ജനറൽ സെക്രട്ടറി വി എ നാരായണൻ,  വി കെ അബ്ദുൽഖാദർ മൗലവി, അബ്ദുൽകരീം ചേലേരി, ഷമാ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഇരിക്കൂർ  പ്രശ്നം പരിഹരിക്കാൻ ഇനി ജില്ലയിലേക്ക് നേതാക്കൾ എത്തില്ലെന്നും രണ്ട് ദിവസത്തിനുളളിൽ പരിഹാരം കാണുമെന്നും കെ സി ജോസഫ് എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു.

ഭരണമാറ്റമുണ്ടാകില്ലെന്ന്‌ ‌ 
കെ സുധാകരൻ
അഞ്ചു കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന സാഹചര്യമല്ല ഇത്തവണത്തേതെന്ന്‌ കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കെ സുധാകരൻ.  കോൺഗ്രസ്‌ ജനങ്ങളിൽനിന്ന്‌ അകന്നു. കോൺഗ്രസിന്  ‘ഇത് ഡു ഓർ ഡൈ’ തെരഞ്ഞെടുപ്പാണ്‌. ശ്രീകണ്ഠപുരത്ത്‌ ഇരിക്കൂർ മണ്ഡലം യുഡിഎഫ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷം എൽഡിഎഫ്,‌ അതുകഴിഞ്ഞ്‌ യുഡിഎഫ്‌ എന്നാതായിരുന്നു കേരളത്തിലെ രീതി. ഇപ്പോൾ സ്ഥിതി മാറി. കോവിഡ് കാലത്ത് ഡിവൈഎഫ്ഐക്കാർക്കുമുന്നിൽ കോൺഗ്രസ് നിഷ്‌പ്രഭമായി. എനിക്കാര്‌, എന്റെ മക്കൾക്കും എന്റെ കുടുംബത്തിനുമാര്‌, അസുഖം വന്നാൽ ആര്‌ സഹായിക്കും എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്നവരോടാണ്‌ ജനത്തിന്‌ താൽപ്പര്യം. അങ്ങനെ  പ്രവർത്തിക്കാൻ കോൺഗ്രസിനായില്ലെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top