ടോക്യോ > കോവിഡ് ആശങ്ക വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വിദേശകാണികളെ ഒളിമ്പിക്‌സിൽനിന്ന് വിലക്കാൻ തീരുമാനം. ജപ്പാനിലെ ടോക്യോയിൽ ജൂലൈ 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതായിരുന്നു മേള. പാരാലിമ്പിക്‌സിനും വിദേശകാണികളെ അനുവദിക്കില്ല. ആഗസ്‌ത് 24നാണ് പാരാലിമ്പിക്‌സ് തുടങ്ങുക.
ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പണം തിരികെനൽകുമെന്ന് ഒളിമ്പിക് സംഘാടക സമിതി അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് സമിതി, പാരാലിമ്പിക്‌സ് സമിതി എന്നിവയുടെ പിന്തുണയോടെയാണ് ഈ തീരുമാനം.
കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം പല രാജ്യങ്ങളിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലെ ആളുകൾ എത്തുന്നത് രോഗവ്യാപനമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സംഘാടകസമിതിക്ക്. ‘അത്‌ലീറ്റുകൾക്കും ജപ്പാനിലെ ജനങ്ങൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകസമിതി വ്യക്തമാക്കി.
കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു ഒളിമ്പിക്‌സ് നിശ്‌ചയിച്ചിരുന്നത്. കോവിഡ് എല്ലാം തകിടംമറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കപ്പെട്ടത്. വൻ സാമ്പത്തിക നഷ്ടവും ഇതേത്തുടർന്നുണ്ടായി.
200 രാജ്യങ്ങളിൽനിന്നായി 11,000 അത്‌ലീറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..